സൂറത്ത്: ഗുജറാത്തിലെ തീരദേശ നഗരമായ പോര്‍ബന്തറില്‍ നാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പിടിയില്‍. ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സേനയാണ് (എടിഎസ്) ഭീകരരെ പിടികൂടിയത്. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാന്‍ പ്രവിശ്യയുമായി (ഐഎസ്കെപി) ബന്ധമുള്ള ഒരു സ്ത്രീ ഉള്‍പ്പെടെ നാല് ഭീകരരാണ് പിടിയിലായത്. ശ്രീനഗറില്‍ നിന്ന് ഒളിവില്‍ പോയ ഭീകരനെയും എടിഎസ് പിടികൂടിയിട്ടുണ്ട്.
ഉബൈദ് നസീര്‍ മിര്‍, ഹനാന് ഹയാത്ത് ഷാള്‍, മുഹമ്മദ് ഹാജിം ഷാ, സുമേരബാനു മുഹമ്മദ് ഹനീഫ് മാലെക് എന്നിവരാണ് എടിഎസിന്റെ പിടിയിലായത്. ഇവരില്‍ ഉബൈദ് നസീര്‍ മിര്‍, ഹനാന് ഹയാത്ത് ഷാള്‍, മുഹമ്മദ് ഹാജിം ഷാ എന്നിവര്‍ കശ്മീരില്‍ നിന്നുള്ളവരാണ്. സുമേരബാനു മുഹമ്മദ് ഹനീഫ് മാലെക് സൂറത്ത് സ്വദേശിയാണ്. സുബൈര്‍ അഹമ്മദ് മുന്‍ഷി എന്നയാളാണ് ശ്രീനഗറില്‍ നിന്ന് പിടിയിലായത്.
ALSO READ: ഔറംഗസേബിന്റെ പേരിൽ കോലാപ്പൂരിൽ കലാപമുണ്ടായതിന് ഉത്തരവാദി സംസ്ഥാന സർക്കാര്‍, സഞ്ജയ് റൗത്
നിരോധിത ഭീകര സംഘടനയായ ഐഎസ്കെപിയില്‍ പെട്ട മൂന്ന് ഭീകരര്‍ ഗുജറാത്തിലെ പോര്‍ബന്തര്‍ വഴി തീരദേശത്തിലൂടെ ഇന്ത്യ വിടാന്‍ പദ്ധതിയിടുന്നതായി ഗുജറാത്ത് എടിഎസിന് വിവരം ലഭിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 9 ന് പുലര്‍ച്ചെ പോര്‍ബന്തറിലെ റെയില്‍വേ സ്റ്റേഷനില്‍ ഗുജറാത്ത് എടിഎസ് സംഘം സൂക്ഷ്മ നിരീക്ഷണം നടത്തുകയും മൂന്ന് യുവാക്കളെ തിരിച്ചറിയുകയും ചെയ്തു. ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതില്‍ നിന്ന് അബു ഹംസ എന്നയാളാണ് ഇവരെ ഭീകര പ്രവര്‍ത്തനങ്ങളിലേയ്ക്ക് സ്വാധീനിച്ചതെന്ന് കണ്ടെത്തി.
ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഗുജറാത്ത് എടിഎസിന്റെയും സൂറത്ത് ക്രൈംബ്രാഞ്ചിന്റെയും ഒരു സംഘം സുമേരബാനു മാലെക്കിന്റെ വസതിയില്‍ റെയ്ഡ് നടത്തി. ഐഎസ്കെപിയുടെ നേതാവുമായി ഇവര്‍ക്ക് ശക്തമായ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളും മറ്റും ഇവരുടെ വസതിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പോര്‍ബന്തറില്‍ കസ്റ്റഡിയിലെടുത്ത മൂന്ന് കശ്മീരി യുവാക്കളുടെ ബാഗുകള്‍ വിശദമായി പരിശോധിച്ചതില്‍ നിന്ന് നിരവധി തിരിച്ചറിയല്‍ രേഖകളും മൊബൈല്‍ ഫോണുകളും ടാബ്ലെറ്റുകളും ഉള്‍പ്പെടെ കണ്ടെത്തി. ഇതിന് പുറമെ കത്തി പോലെയുള്ള മൂര്‍ച്ചയുള്ള ആയുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി എടിഎസ് അറിയിച്ചു.
ഐഎസ്കെപിയുടെ ബാനറുകളും പതാകകളും ഉള്ള ഇവരുടെ ചിത്രങ്ങളും എടിഎസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ ക്ലൗഡ് സ്റ്റോറേജ് അക്കൗണ്ട് ആക്സസ് ചെയ്തതിലൂടെ നാല് കശ്മീരി യുവാക്കള്‍ ബയാഹ് (സത്യപ്രതിജ്ഞ) ചെയ്യുന്ന വീഡിയോകളും പോലീസ് സംഘത്തിന് ലഭിച്ചു. കൂടുതല്‍ വിശദമായ ചോദ്യം ചെയ്യലില്‍ നിന്ന് അബു ഹംസ ഇവരോട് പോര്ബന്തറിലെത്താന് നിര്‍ദ്ദേശിച്ചതായി കണ്ടെത്തി. അവിടെ നിന്ന് ഏതെങ്കിലും മത്സ്യബന്ധന ബോട്ടില്‍ ജോലിക്ക് പോകാനും ഈ ബോട്ടും അതിന്റെ ക്യാപ്റ്റനെയും ഉപയോഗിച്ച് മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്ത് എത്താനും നിര്‍ദ്ദേശം ലഭിച്ചിരുന്നു. ഇവിടെ നിന്ന് ഇറാനിലേക്ക് കടക്കാനായിരുന്നു ഭീകര സംഘത്തിന്റെ പദ്ധതി. ലഭിച്ച വിവരത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...