ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലാണ് നാല് ഭീകരരെ വധിച്ചത്. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ജെയ്‌ഷ്-ഇ-മുഹമ്മദ് (ജെഎം) ഭീകരസംഘടനയിലെ അംഗമാണെന്നും സൈന്യം വ്യക്തമാക്കി. ജമ്മു കശ്മീരിലെ പുൽവാമ, ബാരാമുള്ള ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തിരച്ചിലിനിടെ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
ദക്ഷിണ കശ്മീരിലെ പുൽവാമയിലെ തുജ്ജാനിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി സുരക്ഷാ സേന അറിയിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ജയ്‌ഷെ മുഹമ്മദിന്റെ മജീദ് നസീറാണെന്ന് തിരിച്ചറിഞ്ഞതായി കശ്മീരിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് വിജയ് കുമാർ പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സബ് ഇൻസ്‌പെക്ടർ ഫാറൂഖ് അഹമ്മദ് മിറിനെ കൊലപ്പെടുത്തിയതിൽ നസീറിന് പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാരാമുള്ളയിലെ സോപോറിലെ തുലിബാൽ ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന നേരത്തെ തിരച്ചിൽ നടത്തിയിരുന്നു.
ALSO READ: Kupwara Encounter: കശ്മീരിൽ 4 ഭീകരരെ വധിച്ച് സൈന്യം; തിരച്ചിൽ തുടരുന്നു
കഴിഞ്ഞ 40 മണിക്കൂറിനുള്ളിൽ കശ്മീരിൽ അഞ്ച് ഏറ്റുമുട്ടലുകൾ നടന്നതായും 10 ഭീകരരെ വധിച്ചതായും സുരക്ഷാ സേന വ്യക്തമാക്കി. അമർനാഥ് യാത്രയ്ക്ക് മുന്നോടിയായി സുരക്ഷ ശക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ വിവിധ ഓപ്പറേഷനുകളിൽ 18 ദിവസത്തിനുള്ളിൽ 28 ഭീകരർ കൊല്ലപ്പെട്ടതായി ജമ്മു കശ്മീർ പോലീസ് വ്യക്തമാക്കി. സുരക്ഷിതമായ തീർഥാടനം ഉറപ്പാക്കുന്നതിനായി കശ്മീർ താഴ്‌വരയിൽ ഉടനീളം തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായും കശ്മീർ പോലീസ് അറിയിച്ചു.
ഈ വർഷം ജനുവരി മുതൽ കശ്മീരിൽ 70 ഏറ്റുമുട്ടലുകൾ നടന്നു. ഏറ്റുമുട്ടലുകളിൽ 117 ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇവരിൽ 33 ഭീകരർ പാക്കിസ്ഥാനികളാണ്. ഈ ഓപ്പറേഷനുകളിൽ 16 സുരക്ഷാ ഉദ്യോഗസ്ഥരും 19 സാധാരണക്കാരും കൊല്ലപ്പെട്ടു. അതേസമയം, കശ്മീരിൽ ഈ വർഷം 46 ഭീകരരും 189 തീവ്രവാദ അനുകൂലികളും അറസ്റ്റിലായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...