ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഒരിക്കലും ഗര്‍ഭിണി ആയിട്ടില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് ബംഗളൂരു സ്വദേശിനിയായ അമൃത മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കുള്ള മറുപടിയിലാണ് അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അതിന് തെളിവായി ഒരു വീഡിയോയും സര്‍ക്കാന്‍ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കി. ഈ വീഡിയോയുടെ അടിസ്ഥാനത്തില്‍ അമൃത ജനിച്ച സമയത്ത് ജയളിത ഗര്‍ഭിണി അല്ലായിരുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്.
1980 ആഗസ്റ്റ് 14ന് ജയലളിതയുടെ മൈലാപൂരിലെ വീട്ടിലാണ് താന്‍ ജനിച്ചതെന്നാണ് അമൃത കോടതിയില്‍ ഹാജരാക്കിയ രേകഖകളിലുള്ളത്. ഈ വാദം തെറ്റാണെന്ന് സ്ഥാപിക്കാന്‍ 1980 ജൂലൈ മാസം നടന്ന ഒരു ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിന്‍റെ വീഡിയോയും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. ആഗസ്റ്റിലാണ് അമൃത ജനിച്ചതെങ്കില്‍ ജൂലൈ മാസത്തിലുള്ള ജയലളിതയുടെ വീഡിയോയില്‍ അക്കാര്യം വ്യക്തമാകേണ്ടതല്ലേ എന്നും സത്യവാങ്മൂലത്തില്‍ ചോദിക്കുന്നു.
ജയലളിതയുടെ സ്വത്തുകള്‍ തട്ടിയെടുക്കാനുള്ള പരാതിക്കാരിയുടെ തന്ത്രമാണ് ഹര്‍ജിക്ക് പിന്നിലെന്നും അല്ലെങ്കില്‍ മകളാണെന്ന് അവകാശപ്പെടുമ്പോള്‍ പോലും ജയലളിതയോടൊപ്പമുള്ള ഒരു ചിത്രം പോലും പരാതിക്കാരിയുടെ കൈവശമില്ലാത്തത് എന്തു കൊണ്ടാണെന്നും സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലത്തില്‍ ചോദിച്ചു.
ജയലളിതയുടെ ബന്ധുക്കള്‍ ജീവിച്ചിരിപ്പുണ്ടെന്നും ആവശ്യമെങ്കില്‍ അമൃതയുടെ ഡി.എന്‍.എ പരിശോധന നടടത്താന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ജയലളിത ബ്രാഹ്മണ സമുദായംഗമായതിനാല്‍ മൃതദേഹം പുറത്തെടുത്ത് ബ്രാഹ്മണ ആചാരപ്രകാരം സംസ്‌ക്കരിക്കാന്‍ അനുവദിക്കണമെന്നും ഡി.എന്‍.എ പരിശോധന നടത്തണമെന്നും അമൃത ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വൈദ്യനാഥന്‍ കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റിവെച്ചു.
താന്‍ ജയലളിതയുടെ മകള്‍ എന്നവകാശപ്പെട്ട് ബംഗളൂരു സ്വദേശിനി അമൃത കഴിഞ്ഞവര്‍ഷം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി ഹര്‍ജി തള്ളുകയും ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്നാണ് അമൃത മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.