ന്യൂഡൽഹി: രാജ്യത്തെ അഴിമതി വിമുക്തമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കി പി.എൻ.ബി തട്ടിപ്പ് കേസിൽ രാജ്യംവിട്ട വജ്രവ്യാപാരി മെഹുൽ ചോക്സി.
ആന്‍റിഗ്വയില്‍ അഭയം തേടിയിരിക്കുന്ന മെഹുല്‍ ചോക്സി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. മെഹുല്‍ ചോക്സി തന്‍റെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ആന്‍റിഗ്വയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഹാജരാക്കി. അതോടൊപ്പം, 177 ഡോളർ പിഴയും അടച്ചു.
ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നീക്കത്തെ പ്രതിരോധിക്കാനാണ് ഇന്ത്യൻ പാസ്പോർട്ട് ചോക്സി ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഹാജരാക്കിയത്.
പാസ്പോര്‍ട്ട് ഹൈക്കമ്മീഷന് കൈമാറിയതോടെ ചോക്സിയുടെ ഇന്ത്യൻ പൗരത്വം ഇല്ലാതായി. ചോക്സിയുടെ പുതിയ വിലാസം ജോളി ഹാർബർ മാർക്ക്സ്, ആൻറിഗ്വ ആണെന്നാണ് ചോക്സിയുടെ വെളിപ്പെടുത്തല്‍.
2018ലാണ് മെഹുൽ ചോക്സി കരീബിയൻ രാജ്യമായ ആന്‍റിഗ്വയില്‍ അഭയം തേടിയത്. തുടര്‍ന്ന് ആന്‍റിഗ്വയിൽ പൗരത്വം നേടിയിരുന്നു.
പിഎന്‍ബി തട്ടിപ്പ് കേസിൽ പ്രതിയായ ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് വിവിധ അന്വേഷണ ഏജൻസികൾ വഴി ഇന്ത്യ ആൻറിഗ്വയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യത്തിന് ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാർ നിലവിലില്ലാത്തതിനാൽ ചോക്സിയെ നാടുകടത്താൻ കഴിയില്ലെന്നായിരുന്നു ആൻറിഗ്വ സ്വീകരിച്ച നിലപാട്.
കഴിഞ്ഞ ഡിസംബർ 25ന് ആരോഗ്യപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ എത്തിച്ചേരാന്‍ സാധിക്കില്ല എന്ന് ചോക്സി അറിയിച്ചിരുന്നു. 41 മണിക്കൂര്‍ യാത്രാ ചെയ്ത് ഇന്ത്യയില്‍ എത്താന്‍ ആരോഗ്യം അനുവദിക്കുന്നില്ല എന്നായിരുന്നു ചോക്സിയുടെ വാദം.
13,000 കോടിയുടെ പി.എൻ.ബി തട്ടിപ്പ് കേസിൽ പ്രതിയായതിനെ തുടർന്നാണ് മെഹുൽ ചോക്സി രാജ്യം വിട്ടത്. ഡയമണ്ട് വ്യാപാരിയും മരുമകനുമായ നീരവ് മോദിയാണ് കേസിലെ മുഖ്യപ്രതി.