റാഞ്ചി: ദേശീയത എന്ന വാക്കിനെ ചിലര്‍ വ്യാഖ്യാനിച്ച് ഫാസിസമെന്നും നാസിസമെന്നും വിളിച്ചു തുടങ്ങുന്നതായി ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്.
രാജ്യത്തിന്‍റെ വിവിധ നഗരങ്ങളില്‍ നടക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടി സംസാരിക്കവേയായിരുന്നു അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
ഹിന്ദുത്വ ദേശീയത മുസ്ലീം മതവിഭാഗത്തെ നശിപ്പിക്കാനാണെന്ന രീതിയിലാണ് പൗരത്വ വിഷയത്തെ പലരും വ്യാപകമായി പ്രചരിപ്പിക്കുന്നതെന്നും 'ദേശീയത' ലോകത്ത് പലയിടത്തും പലതരത്തിലാണ് വ്യാഖ്യാനിക്കുന്നതെന്നും ഭാഗവത് ചൂണ്ടിക്കാട്ടി.
ഇന്ന് ലോകത്തിനെ മുഴുവന്‍ ബാധിച്ചിരിക്കുന്ന വിഘടനവാദത്തിനും പാരിസ്ഥിതിക വിരുദ്ധമായ ജീവിത ശൈലിക്കും ഉത്തരം നല്‍കാന്‍ ഇന്ത്യക്കു മാത്രമേ കഴിയൂവെന്നും ഇവിടെയാണ് എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്ന സമഗ്ര ചിന്തയുള്ളതെന്നും തന്റേത് മാത്രമാണ് ശരി മറ്റെല്ലാം തെറ്റാണെന്ന ചിന്തയാണ് ഇന്ന് ലോകത്തുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളുടേയും അടിസ്ഥാനമെന്നും ഭാഗവത് പറഞ്ഞു.
ലോകം ഇന്ന് ഇന്ത്യക്കായി കാത്തിരിക്കുന്നു. അതിനാല്‍ത്തന്നെ ഇന്ത്യ മഹത്തായ രാജ്യമായി മാറുകയാണെന്നും ഇന്ന് പല രാജ്യങ്ങള്‍ക്കും അവരുടെ ഭാഷ, മതം, സാമ്പത്തിക സംവിധാനം എന്നിവയുമായി പൊരുത്തപ്പെടാത്തവരെ അംഗീകരിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്.
നിങ്ങള്‍അവരുടെ അതിഥിയായിരിക്കാം പക്ഷെ അവിടത്തെ ന്യൂനപക്ഷം എന്നും ന്യൂനപക്ഷമായിരിക്കും. പലപ്പോഴും ശത്രുവായിപ്പോലും മുദ്രകുത്തപ്പെടും. എന്നാലൊരിക്കലും അവിടത്തെ പൗരന്മാരായി അംഗീകരിക്കില്ല. രാജ്യങ്ങളുടെ പേരുകള്‍ പ്രത്യേകം പരാമര്‍ശിക്കാതെ ഭാഗവത് പറഞ്ഞു.
എന്നാല്‍ ഇന്ത്യയാകട്ടെ ജാതി, മത, ഭാഷാ വ്യത്യാസമില്ലാതെ വന്നവരെയെല്ലാം ഒരേ ചരടിലെ മുത്തുപോലെ കോര്‍ത്തിണക്കി കൊണ്ടു പോകുന്നുവെന്നും അത് ലോകമേ തറവാട് എന്ന അടിസ്ഥാനചിന്തയുടെ ഭാഗമായതുകൊണ്ട് മാത്രമാണെന്നും ഭാഗവത് സൂചിപ്പിച്ചു.
സുഷ്മാ സ്വരാജ് വിദേശകാര്യമന്ത്രിയായിരിക്കെ ഹജ്ജ് കര്‍മത്തിന് ഇന്ത്യയില്‍ നിന്നും പോയ ഒരു വ്യക്തിയുടെ അനുഭവത്തെയും ഭാഗവത് ഓര്‍മ്മിപ്പിച്ചു.
ഇന്ത്യയില്‍ നിന്നും ഹജ്ജിന് പോയ വ്യക്തിയെ സൗദി മതനിന്ദാകുറ്റത്തിന് ജയിലിട്ടതും ജയില്‍ മോചിതനായി തിരിച്ചെത്തിയ അദ്ദേഹം പറഞ്ഞത് ഇന്ത്യയില്‍ നിന്ന് പോകുന്നവരൊക്കെ ഹിന്ദുവെന്നാണ് അവിടെ കണക്കാക്കുന്നതെന്ന് പറഞ്ഞതിനെയാണ് ഭാഗവത് ചൂണ്ടിക്കാട്ടിയത്.
അദ്ദേഹം കഴുത്തില്‍ ഒരു മാലയും ലോക്കറ്റും ധരിച്ച് ഹജ്ജ് സ്ഥലത്തെത്തിയത് വലിയ കുറ്റമായി കണക്കാക്കിയെന്നും മതങ്ങളുടെ സ്വഭാവം മനസ്സിലാക്കാന്‍ സമീപകാലത്തെ ഈ സംഭവം നല്ല ഉദാഹരണമാണെന്നും ഭാഗവത് വ്യക്തമാക്കി.
ആർ എസ്സ് എസ്സിനെ നാസിസത്തോടും ഫാസിസത്തോടും ഉപമിക്കുന്ന പ്രതിപക്ഷത്തിനുള്ള മറുപടിയായാണ് ഭാഗവതിന്‍റെ ഈ വാക്കുകളെ കണക്കാക്കുന്നത്.