ന്യൂഡെല്‍ഹി:കശ്മീരിലെ പുല്‍വാമയില്‍ ചാവേറാക്രമണത്തിനായി ഭീകരര്‍ പദ്ധതിയിട്ടത്തില്‍ നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎ യ്ക്ക് ലഭിച്ചു.
കശ്മീരിലെ പുല്‍വാമയില്‍ ചാവേറാക്രമണത്തിനായി സ്ഫോടകവസ്തുക്കള്‍ നിറച്ച് സജ്ജമാക്കിയ കാറിന്‍റെ ഉടമയെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
ഇയാളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.ഷോപിയാന്‍ സ്വദേശിയും ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനുമായ ഹിദായത്തുള്ള
മാലിക്കാണ് അറസ്റ്റിലായത്.
ഹിസ്ബുളിനു പുറമേ ഭീകര സംഘടനയായ ജെയ്ഷെ ഇ മുഹമ്മദിനും ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് വിവരം,ഇത് സംബന്ധിച്ച ചില നിര്‍ണായക തെളിവുകള്‍
അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.
ജമ്മു കശ്മീര്‍ പോലീസിന് പുറമേ ദേശീയ അന്വേഷണ ഏജന്‍സിയും കേസ് അന്വേഷിക്കുന്നുണ്ട്.എന്‍ഐഎ പ്രധാനമായും 2019 ഫെബ്രുവരി 14 ന് പുല്‍വാമയില്‍
സിആര്‍പിഎഫ് വാഹനവ്യുഹത്തിന് നേര്‍ക്ക് നടന്ന ചാവേറാക്രമണവും ഇപ്പോഴത്തെ സംഭവവുമായുള്ള ബന്ധമാണ് പരിശോധിക്കുന്നത്.
രണ്ട് സംഭവങ്ങളിലും സമാനതകള്‍ ഉണ്ടെന്ന് മനസിലാക്കിയ എന്‍ഐഎ ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതില്‍ വൈദഗ്ധ്യമുള്ള ഹിസ്ബുള്‍ ഭീകരന്‍ മുഹമ്മദ് ഇസ്മയിലിന് ഇരു സംഭവങ്ങളിലും പങ്കുണ്ടെന്നാണ് വിവരം.
പാകിസ്ഥാനിലുള്ള കൊടും ഭീകരന്‍ മസൂദ് അസറിന്റെ ബന്ധുവാണ് ഇയാള്‍.ഹിസ്ബുള്‍ മുജാഹിദ്ദീനും ജെയ്ഷെ ഇ മുഹമ്മദുമാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന
വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ആക്രമണം ആസൂത്രണം ചെയ്തതില്‍ പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐ യുടെ പങ്ക് സംബന്ധിച്ച
സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
സ്ഫോടക വസ്തു നിറച്ച കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപെട്ട ഡ്രൈവറെ കണ്ടെത്തുന്നതിനായി സുരക്ഷാ സേന തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.