ജനുവരി 26 മുതല്‍ മഹാരാഷ്ട്രയിലെ സ്കൂളുകളില്‍ അസംബ്ലിക്കിടെ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന ഉത്തരവുമായി സംസ്ഥാന സര്‍ക്കാര്‍.
ഭരണഘടനയുടെ ഉള്ളടക്കവും പ്രാധാന്യവും സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വര്‍ഷ ഗെയ്ക്വാദ് ഉത്തരവില്‍ വ്യക്തമാക്കി.
പൗരത്വ നിയമത്തിനെതിരെ പല കോണുകളിലും പ്രതിഷേധം നടക്കവെയാണ് ഭരണഘടനയുടെ പ്രാധാന്യം വിദ്യാര്‍ഥികളില്‍ ആഴത്തില്‍ എത്തിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ നീക്കം.
സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ശിവസേനയും എന്‍സിപി യും കോണ്‍ഗ്രസ്സും അടങ്ങുന്ന മഹാ വികാസ് ആഘാഡി മന്ത്രി സഭയില്‍ വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രെസ്സിനാണ്. സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍.
പൗരത്വ നിയമ ഭേദഗതിക്കെതിരെ മഹാരാഷ്ട്ര നിയമസഭയിലും പ്രമേയം പാസാക്കണമെന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപെടുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ ശിവസേന ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.