ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ഫലപ്രഖ്യാപനം തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഫലം ഉടന്‍ പ്രസിദ്ധീകരിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ഉത്തരവ് പുറത്തുവന്നതോടെ നീറ്റ് ഫലപ്രഖ്യാപനം സംബന്ധിച്ച് നിലനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ക്ക് അവസാനമായി.
നീറ്റ് ഫലപ്രഖ്യാപനം താത്ക്കാലികമായി തടഞ്ഞുകൊണ്ട് മദ്രാസ് ഹൈക്കോടതി മെയ് 24 ന് ഇടക്കാല ഉത്തരവിറക്കിയിരുന്നു. നീറ്റ് പരീക്ഷയ്ക്ക് ഏകീകൃത ചോദ്യപേപ്പറായിരുന്നില്ല എന്ന ആക്ഷേപം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഇതിനു പിന്നാലെ ഈ വിഷയം ഉന്നയിച്ച് സിബിഎസ്ഇ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഉത്തരവ് വന്നതിനാല്‍ ഈ മാസം 26 നു മുമ്പ് നീറ്റ് ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ വ്യക്തമാക്കി.