ആഗ്ര: താജ്മഹല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍റെയും അദ്ദേഹത്തിന്‍റെ ഭാര്യ മുംതാസിന്‍റെയും ശവകുടീരമാണെന്നും ശിവക്ഷേത്രമാണെന്ന വാദം തെറ്റാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആഗ്ര കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
താജ്മഹല്‍ ശിവ ക്ഷേത്രമായിരുന്നുവെന്നും ഹിന്ദുക്കള്‍ക്ക് താജ്മഹലില്‍ ആരാധന നടത്താന്‍ അവകാശമുണ്ടെന്നും കാണിച്ച് ആഗ്ര കോടതിയില്‍ നിലനില്‍ക്കുന്ന കേസിനു മറുപടിയായാണ് താജ്മഹല്‍ ശിവ ക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകള്‍ ഇല്ലെന്ന് കാട്ടി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സത്യവാങ്മൂലം നല്‍കിയത്.
ആഗ്രയിലെ സൗധം ഷാജഹാന്‍ പണികഴിപ്പിച്ച താജ്മഹലല്ലെന്നും തേജോ മഹാലയ പണികഴിപ്പിച്ച ശിവക്ഷേത്രമാണെന്നുമാണ് ഒരു വിഭാഗം അവകാശപ്പെടുന്നത്. ഈ അവകാശവാദം വിശദമാക്കിക്കൊണ്ട് പിഎന്‍ ഓക്ക് 'താജ്മഹല്‍, ദി ട്രൂ സ്റ്റോറി' എന്ന പേരില്‍ പുസ്തകം രചിച്ചിരുന്നു.
താജ്മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2000ത്തില്‍ ഓക്ക് സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അദ്ദേഹത്തെ ശാസിക്കുകയായിരുന്നു.