BARC Rating: മേധാവിത്വം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്; 24 ന്യൂസും മനോരമയും പിന്നാലെ, മാതൃഭൂമിക്ക് വെല്ലുവിളി ജനം ടിവി

24 ന്യൂസും മനോരമയും ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. മാതൃഭൂമി ന്യൂസ് നാലാം സ്ഥാനത്താണ്. മാതൃഭൂമിയ്ക്ക് കടുത്ത വെല്ലുവിളിയുയർത്തി തൊട്ടു പിറകിൽ ജനം ടിവിയുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Mar 17, 2022, 02:02 PM IST
  • റേറ്റിംഗ് പാകപ്പിഴകളെത്തുടർന്ന് 2020 ഒക്ടോബറിൽ ആയിരുന്നു ന്യൂസ് ചാനൽ റേറ്റിംഗ്, ബാർക്ക് നിർത്തിവച്ചത്.
  • കടുത്ത മത്സരം ഉണ്ടായിരുന്നെങ്കിലും എല്ലാ വിഭാഗത്തിലും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമതാണ്.
  • മീഡിയവൺ ലൈസൻസ് പുതുക്കി നൽകപ്പെടാതിരുന്നതിനാൽ ചാനലിനെ റേറ്റിംഗിൽ ഉൾപ്പെടുത്തിയിട്ടില്ല.
BARC Rating: മേധാവിത്വം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്; 24 ന്യൂസും മനോരമയും പിന്നാലെ, മാതൃഭൂമിക്ക് വെല്ലുവിളി ജനം ടിവി

കൊച്ചി: 17 മാസങ്ങൾക്ക് ശേഷം വാർത്താ ചാനലുകൾക്കായുള്ള ബാർക്ക് റേറ്റിംഗ്  തിരികെ എത്തി.  ഇത്തവണയും മേധാവിത്വം തുടർന്നത് ഏഷ്യാനെറ്റ് ന്യൂസ്  തന്നെയാണ്. 24 ന്യൂസും മനോരമയും ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. മാതൃഭൂമി ന്യൂസ് നാലാം സ്ഥാനത്താണ്. മാതൃഭൂമിയ്ക്ക് കടുത്ത വെല്ലുവിളിയുയർത്തി തൊട്ടു പിറകിൽ ജനം ടിവിയുണ്ട്.

റേറ്റിംഗ് പാകപ്പിഴകളെത്തുടർന്ന് 2020 ഒക്ടോബറിൽ ആയിരുന്നു ന്യൂസ് ചാനൽ റേറ്റിംഗ്, ബാർക്ക് നിർത്തിവച്ചത്. 17 മാസങ്ങൾക്ക് ശേഷം  
പുറത്തുവരുന്ന റേറ്റിംഗിനെ നെഞ്ചിടിപ്പോടെയാണ് ചാനലുകൾ  കാത്തിരുന്നത്. കടുത്ത മത്സരം ഉണ്ടായിരുന്നെങ്കിലും എല്ലാ വിഭാഗത്തിലും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമതാണ്. ഏഷ്യാനെറ്റ് ന്യൂസിന് വെല്ലുവിളി ഉയർത്തുന്ന തരത്തിൽ തന്നെയാണ് ട്വന്റിഫോർ ന്യൂസിന്റെ മുന്നേറ്റം. റേറ്റിങ് നിർത്തിവയ്ക്കുന്ന സമയത്ത് ഒപ്പത്തിനൊപ്പം എന്ന നിലയിലേക്ക് വരെ ട്വന്റിഫോർ ന്യൂസ് എത്തിയിരുന്നു. മൂന്നാം സ്ഥാനത്തുള്ള മനോരമ ന്യൂസിനേക്കാൾ വ്യക്തമായ മുൻതൂക്കവും ട്വന്റിഫോറിനുണ്ട്.  അതേസമയം, നാലാം സ്ഥാനത്തുള്ള മാതൃഭൂമിയേക്കാൾ വലിയ  ലീഡോടെയാണ് മനോരമ മൂന്നാമതെത്തിയത് . 

ആകെ കണക്കിൽ ജനം ടിവിയേക്കാൾ ഏറെയാണ് മാതൃഭൂമി. എന്നാൽ ചില വിഭാഗങ്ങളിൽ ജനം ടിവിയിൽ നിന്ന് മാതൃഭൂമി കടുത്ത വെല്ലുവിളി നേരിടുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ജനം ടിവി അഞ്ചാമതും കൈരളി ന്യൂസ് ആറാം സ്ഥാനത്തും  ന്യൂസ് 18 ഏഴാം സ്ഥാനത്തുമാണ്.  

മുൻ റേറ്റിംഗുകളിൽ നിന്ന് വ്യത്യസ്തമായി ഒരു മാസത്തെ ശരാശരി ഡേറ്റയാണ് ബാർക്ക് ഇനി മുതൽ പുറത്തുവിടുന്നത് .  അതുപ്രകാരം ഫെബ്രുവരി 13 മുതൽ മാർച്ച്  12 വരെയുള്ള നാല് ആഴ്ചത്തെ ശരാശരി റേറ്റിംഗ് ആണ് പുറത്തുവിട്ടിട്ടുള്ളത്. മീഡിയവൺ ലൈസൻസ് പുതുക്കി നൽകപ്പെടാതിരുന്നതിനാൽ  ചാനലിനെ റേറ്റിംഗിൽ ഉൾപ്പെടുത്തിയിട്ടില്ല.

Trending News