ഓണത്തിന് ഓൺലൈനിലൂടെ മദ്യം വിൽക്കാൻ ഒരുങ്ങി കൺസ്യൂമർഫെഡ്

Last Updated : Aug 18, 2016, 02:15 PM IST
ഓണത്തിന് ഓൺലൈനിലൂടെ മദ്യം വിൽക്കാൻ ഒരുങ്ങി കൺസ്യൂമർഫെഡ്

കോഴിക്കോട്∙ ഓണത്തിന് ഓൺലൈനിലൂടെ മദ്യ വിൽപ്പന നടത്താനോരുങ്ങി കൺസ്യൂമർഫെഡ്.  ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാനാണ് ഓണ്‍ലൈന്‍ വഴി മദ്യം ലഭ്യമാക്കുന്നതെന്ന് കണ്‍സ്യൂമര്‍ ഫെഡ് അറിയിച്ചു. 

ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് നേരിട്ട് വന്ന് മദ്യം വാങ്ങാനുള്ള അവസരമാരുക്കാനാണ് കണ്‍സ്യൂമര്‍ ഫെഡ് ഉദ്ദേശിക്കുന്നത്. മുന്തിയ ഇനം മദ്യമായിരിക്കും ഓൺലൈൻ വഴി വിൽക്കുക. പ്രത്യേക ചാർജും ഇതിന് ഈടാക്കും.

കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലൂടെ മദ്യ വിൽപ്പന കൂട്ടാനും തീരുമാനമായി. 51 ഇനം മദ്യം ഔട്ട്‌ലെറ്റുകൾ വഴി കൂടുതലായി വിൽക്കുമെന്നും കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ് അറിയിച്ചു. നടപടിക്രമങ്ങൾ നടക്കുകയാണ്. മൂന്നു ദിവസത്തിനകം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.

മദ്യനയത്തില്‍ മാറ്റം വേണമെന്ന് നേരത്തെ ടൂറിസം വകുപ്പ് മന്ത്രി എസി മൊയ്തീന്‍ വ്യക്തമാക്കിയിരുന്നു. മദ്യവില്‍പ്പനയില്‍ ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയായെന്നും സംസ്ഥാനത്തെ റവന്യൂ വരുമാനത്തില്‍ പ്രതിഫലിച്ചുവെന്നും മന്ത്രി പറഞ്ഞു.

Trending News