തിരുവനന്തപുരം: കശുവണ്ടി വ്യവസായത്തിന്‍റെ പുനരുദ്ധാരണം ആവശ്യപ്പെട്ട് കേരളാ കശുവണ്ടി വ്യവസായ സംയുക്ത സമര സമിതിയുടെ 'തിരുവോണ ദിവസത്തെ പട്ടിണി സമരം' വിജയത്തിലേക്ക്.
സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നായി നൂറിലധികം കശുവണ്ടി വ്യവസായികളും കുടുംബങ്ങളും സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ പട്ടിണി സമരം കെപിസിസി പ്രസിഡന്‍റ് എം. എം ഹസനാണ് ഉദ്ഘാടനം ചെയ്തത്.
കശുവണ്ടി വ്യവസായികളും തൊഴിലാളി കുടുംബങ്ങളും നേരിടുന്ന ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിനായുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
കശുവണ്ടി മേഖലയിലെ ഉന്നമനത്തിനുവേണ്ടി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രധാനമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തിയതായും 'കേന്ദ്ര കാഷ്യൂ ബോര്‍ഡ്' നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നതായും രാജ്യസഭാ എംപി സുരേഷ്ഗോപിയും വ്യക്തമാക്കി.
കേരളീയരുടെ പ്രധാന ആഘോഷ ദിവസമായ തിരുവോണനാളില്‍ തന്നെ പട്ടിണി സമരവുമായെത്തിയവര്‍ക്ക് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. കേന്ദ്ര കാഷ്യൂ ബോര്‍ഡ് രൂപീകരണത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു.
കശുവണ്ടി വ്യവസായികള്‍ക്കുമേല്‍ ധനകാര്യ സ്ഥാപനങ്ങള്‍ തുടര്‍ന്നുവരുന്ന ജപ്തി നടപടികള്‍ അവസാനിപ്പിക്കുക, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളില്‍ നിന്നും വ്യവസായികള്‍ക്കുമേല്‍ തുടര്‍ന്നുവരുന്ന റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തിവെയ്ക്കുക, പരമ്പരാഗത കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാനും പുനരുദ്ധരിക്കാനും വേണ്ട നടപടികള്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കശുവണ്ടി വ്യവസായികളും കുടുംബാംഗങ്ങളും തിരുവോണനാളില്‍ തന്നെ പട്ടിണി സമരവുമായി രംഗത്തെത്തിയത്.