എല്‍പി, യുപി ഘടനാമാറ്റം ഹൈക്കോടതി അംഗീകരിച്ചു

സ്കൂളുകളുടെ ഘടനാമാറ്റം ഹൈക്കോടതി അംഗീകരിച്ചു. 

Last Updated : Jul 10, 2019, 12:21 PM IST
എല്‍പി, യുപി ഘടനാമാറ്റം ഹൈക്കോടതി അംഗീകരിച്ചു

കൊച്ചി: സ്കൂളുകളുടെ ഘടനാമാറ്റം ഹൈക്കോടതി അംഗീകരിച്ചു. 

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് നടത്തിയ ഘടന മാറ്റമാണ് ഹൈക്കോടതി അംഗീകരിച്ചത്. ജസ്റ്റിസ് ചിതംബരേഷ് അടക്കമുള്ള മൂന്നംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അതനുസരിച്ച് എൽ.പി 1 മുതൽ 5 വരെയും യു.പി 6 മുതൽ എട്ട് വരെയുമായിരിക്കും.  

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനനുസരിച്ചാണ് കേരളത്തിലെ സ്കൂളുകളിലും ഘടനാമാറ്റം വരുത്തിയിരിയ്ക്കുന്നത്.  കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എൽ.പി 1 മുതൽ 5 വരെയും യു.പി 6 മുതൽ 8 വരെയുമാണ്.

എന്നാല്‍, കേരള വിദ്യാഭ്യാസ നിയമമനുസരിച്ച് എല്‍.പി 1 മുതൽ 4 വരെയും യു.പി 5 മുതൽ 7 വരെയുമാണ്. ഈ ഘടനയില്‍ മാറ്റം വരുത്താനാണ് ഹൈക്കോടതി ഉത്തരവ്. ഇതോടെ കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ ഘടന മാറും.

നാൽപതോളം സ്കൂൾ മാനേജ്മെൻറുകൾ നൽകിയ ഹരജികളിലാണ് ഹൈക്കോടതി വിധി. സംസ്ഥാനത്തെ സ്കൂളുകളിൽ കേന്ദ്ര വിദ്യാഭ്യാസ നിയമം നടപ്പാക്കാത്തത് നിയമ വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം.

ഒരുവയസുമുതല്‍ പതിനാല് വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം അവകാശമാക്കികൊണ്ടുള്ള വിദ്യാഭ്യാസ അവകാശ നിയമം 2009 ലാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതില്‍ എല്‍പി ക്ലാസുകള്‍ ഒന്നു മുതല്‍ അഞ്ച് വരെയും യു പി ക്ലാസുകള്‍ ആറ് മുതല്‍ എട്ടുവരെയും പരിഗണിക്കണമെന്നാണ് ഉള്ളത്. എന്നാല്‍ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള ഘടനാമാറ്റം സംസ്ഥാനത്ത് ഇതുവരെ വരുത്തിയിരുന്നില്ല. ഈ ഘടനയില്‍ മാറ്റം വരുത്തണമെന്ന ഹര്‍ജികളിലാണ്  ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്.

 

 

Trending News