കോട്ടയം: കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ ഉരുള്‍പൊട്ടലിൽ മരണം ആറായി. നാലുപേരെ കാണാതായി. ഒരു കുടുംബത്തിലെ ആറുപേരടക്കം 13 പേരാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ മാറ്റാനുള്ള സംവിധാനമില്ലാതെ പ്രതിസന്ധിയിലാണ് നാട്ടുകാര്‍. പ്രദേശത്ത് മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.
കരസേനയുടെ 35 പേരടങ്ങുന്ന സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു. മേജര്‍ അബിന്‍ പോളിന്‍റെ നേതൃത്വത്തിലാണ് കരസേന കോട്ടയത്തെത്തിയത്. വ്യോമസേന ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിന് സജ്ജമായിട്ടുണ്ട്. കിഴക്കന്‍ മലയോര മേഖലയില്‍ വന്‍ മഴക്കെടുതിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങി. പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിയ്ക്ക് മുന്നിലാണ് ബസ് മുങ്ങിയത്. വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസ് മുങ്ങിയത്. ബസില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. അതേസമയം തൊടുപുഴയ്ക്ക് സമീപം കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു. കാറിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു. കൂത്താട്ടുകുളം സ്വദേശികളാണ് മരിച്ചത്. കൂത്താട്ടുകുളം പിഴകൊമ്പ് സ്വദേശി നിഖിൽ (27) ഒപ്പമുണ്ടായിരുന്ന സ്ത്രീ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
കോട്ടയം മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ മഴ ശക്തമായി തുടരുകയാണ്. പാലാ, പൂഞ്ഞാർ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്ന സ്ഥിതിയുണ്ട്. ഇവിടങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. ജില്ലയിൽ ഫയർഫോഴ്സ് കൂടുതൽ ടീമിനെ എത്തിച്ചു. പാലാ (രണ്ട്), ഈരാറ്റുപേട്ട (രണ്ട്) കാഞ്ഞിരപ്പള്ളി (ഏഴ് ) എന്നിങ്ങനെ 11 ടീമുകളാണ് ദുരന്ത മേഖലയിൽ പ്രവർത്തിക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ രണ്ട് ടീമും പാമ്പാടി, ചങ്ങനാശ്ശേരി, കോട്ടയം, കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ടീമുകളുമാണ് കാഞ്ഞിരപ്പള്ളിയിലുള്ളത്. കോട്ടയം, മീനച്ചിൽ താലൂക്ക് പ്രദേശങ്ങളിൽ വെളളം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം , തൃശൂർ എന്നിവടങ്ങളിൽ നിന്നായി 20 പേരടങ്ങുന്ന ടീം ജില്ലയിൽ ഉടൻ എത്തിച്ചേരും.
കട്ടപ്പന-കുട്ടിക്കാനം റൂട്ടിൽ ചപ്പാത്ത് പാലത്തിൽ വെള്ളം കയറി. കാഞ്ഞിരപ്പള്ളിയിൽ ഏന്തയാർ ജെജെ മർഫി സ്കൂൾ, മുണ്ടക്കയം സിഎംഎസ്, വരിക്കാനി എസ്എൻ സ്കൂൾ, കൊരട്ടി സെന്റ് ജോസഫ് പള്ളി ഹാൾ, ചെറുവള്ളി ഗവൺമെന്റ് എൽപി സ്കൂൾ, കാപ്പാട് ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ക്യാംപുകൾ തുറന്നത്.
അതേസമയം അടുത്ത മണിക്കൂറിൽ ശക്തമായ കാറ്റ് മധ്യ-തെക്കൻ കേരളത്തിൽ വീശുമെന്ന മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കിമീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനാണ് സാധ്യത. ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...