കൊച്ചി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനും മന്ത്രി കെ. കെ ഷൈലജയ്ക്കുമെതിരെ പറവൂര്‍ എംഎല്‍എ വി. ഡി സതീശന്‍ രംഗത്ത്.
ആരോഗ്യമന്ത്രിയെ താന്‍ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാന്‍ തയ്യാറാവുകയോ പറവൂരിലേക്ക് ഒരു കിറ്റ് മരുന്നുപോലും എത്തിക്കാന്‍ സൗകര്യപ്പെടുകയോ ചെയ്തില്ലെന്ന് വി. ഡി സതീശന്‍ ആരോപിച്ചു.
ശനിയാഴ്ചയും ഞായറാഴ്ചയും ആരോഗ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായി വി. ഡി സതീശന്‍ വ്യക്തമാക്കി. മന്ത്രിയുടെ ഓഫീസില്‍ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒടുവില്‍ എല്ലാ നിയന്ത്രണങ്ങളുംവിട്ട് മന്ത്രിയോട് സംസാരിക്കേണ്ടി വന്നുവെന്നും വി. ഡി സതീശന്‍ എംഎല്‍എ വെളിപ്പെടുത്തി.
എന്നാല്‍ വി. ഡി സതീശന്‍റെ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. കെ ഷൈലജ ടീച്ചര്‍ പ്രതികരിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഒരു കുറവും വരുത്താതിരിക്കാന്‍ ആരോഗ്യവകുപ്പ് കിണഞ്ഞു പരിശ്രമിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
ഇന്നലെ വൈകിട്ട് വി. ഡി സതീശന്‍റെ പ്രതികരണം താന്‍ കേട്ടിരുന്നു. മരുന്നും മറ്റ് ലഭിക്കുന്നില്ലെന്ന് പറയുന്നതും കേട്ടു. തുടര്‍ന്ന്‍ അദ്ദേഹം ഇങ്ങോട്ട് വിളിക്കുന്നതിന് മുന്‍പേ തന്നെ താന്‍ അങ്ങോട്ട് വിളിക്കുകയായിരുന്നുവെന്ന് ഷൈലജ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.