ഇടുക്കി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തുന്നതിനും പുനരധിവാസം സാധ്യമാക്കുന്നതിനുമായി പ്രത്യേക സംഘം.
മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ ബിനു ജോസഫ് നേതൃത്വം നല്‍കുന്ന 13 അംഗ ടീമിനാണ് ചുമതല നല്‍കിയിരിക്കുന്നത്. പെട്ടി മുടിയില്‍ എത്തിയ ടീം വിവരശേഖരണത്തിനാവശ്യമായ നടപടി ക്രമങ്ങള്‍ ആരംഭിച്ചു.
നാശനഷ്ടങ്ങളുടെ അടിസ്ഥാന വിവര ശേഖരണം, മരണമടഞ്ഞവരുടെ വിവരശേഖരണം, അനന്തരാവകാശികളെ കണ്ടെത്തല്‍, ധനസഹായവിതരണം വേഗത്തിലാക്കല്‍ തുടങ്ങിയ വിവിധ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ വിവരശേഖരണം ആണ് സംഘം നടത്തുന്നത്.
പ്രത്യേക സംഘം 5 ടീമുകളായി തിരിഞ്ഞാണ് വിവര ശേഖരണ ജോലികള്‍ നടത്തുന്നത്. 1,2,3 ടീമുകളുടെ മേല്‍നോട്ട ചുമതല ദേവികുളം താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസീല്‍ദാരായ അരുണ്‍ എമ്മിനും 4, 5 ടീമുകളുടെ മേല്‍നോട്ട ചുമതല തൊടുപുഴ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാരായ സക്കീര്‍ കെ എച്ചിനുമാണ്.
ദുരന്തം സംബന്ധിച്ചുള്ള ഔദ്യോഗിക രേഖകള്‍ ശേഖരിക്കുക, ഉരുള്‍പൊട്ടലില്‍ മരണപ്പെടുകയോ പരിക്കുപറ്റുകയോ കാണാതാവുകയോ ചെയ്തിട്ടുള്ളവരെ സംബന്ധിച്ചുള്ള അടിസ്ഥാന വിവര ശേഖരണം നടത്തുക, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗരേഖകള്‍ക്ക് വിധേയമായി നാശനഷ്ടം തിട്ടപ്പെടുത്തുക തുടങ്ങിയവയാണ് പ്രത്യേക സംഘത്തിന്‍റെ ചുമതലകള്‍.
റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായുള്ള വിവിധ ജോലികള്‍ പുരോഗമിച്ച് വരികയാണെന്ന് സ്പെഷ്യല്‍ ടീമിന്‍റെ ചുമതലയുള്ള മൂന്നാര്‍ സ്പെഷ്യല്‍ തഹസീല്‍ദാര്‍ ബിനു ജോസഫ് പെട്ടി മുടിയില്‍ പറഞ്ഞു.
Also read: പെട്ടിമുടി ഉരുള്‍പൊട്ടല്‍: 3 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, മരിച്ചവരുടെ എണ്ണം 65 ആയി
അതേസമയം, പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ 65 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്.
ദുരന്തത്തില്‍ അകപ്പെട്ട 5 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. അവസാനയാളെ വരെ കണ്ടെത്തും വരെ പരിശോധന തുടരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്‍ ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ്, വനംവകുപ്പ് തുടങ്ങിയ സേനകളും തിരച്ചില്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നു.
12 പേരാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. മൂന്ന് തലമുറകളായി മൂന്നാറില്‍ കഴിയുന്ന തൊഴിലാളികളും കുടുംബാംഗങ്ങളുമാണ് ദുരന്തത്തില്‍പ്പെട്ടത്.