തിരുവനന്തപുരം: പയ്യന്നൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ വിരോധം മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.പയ്യന്നൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച ശേഷമാണ് ഇറങ്ങിപ്പോയത്.
സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ബി.ജെ.പി പ്രവര്‍ത്തകരാണ് അതിന്‍റെ വൈരാഗ്യമാണ് ബി.ജെ.പി പ്രവര്‍ത്തകന്‍റെ കൊലയിലേക്ക് നയിച്ചതെന്നും പിണറായി പറഞ്ഞു.രണ്ടു സംഭവങ്ങളിലും പൊലീസ് അന്വേഷണം സുഗമമായി മുന്നോട്ടു പോകുന്നു. പൊലീസ് ഫലപ്രദമായി ഇടപെട്ടതിനാൽ കണ്ണൂരിൽ ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
കണ്ണൂരിലെ അക്രമരാഷ്ട്രീയം നിയമസഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറപുടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസ് നേതാവ് കെ. മുരളീധരനാണ് അടിയന്തര പ്രമേയത്തിലൂടെ വിഷയം സഭയിൽ ഉന്നയിച്ചത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം അടക്കം സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസം നടന്ന അക്രമ സംഭവങ്ങൾ ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം.സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നു. മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുന്നതായും മുരളീധരൻ പറഞ്ഞു.
ഗുണ്ടകളാണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത്. വലിയ രീതിയുള്ള അക്രമങ്ങൾ സംസ്ഥാനത്തുടനീളം നടക്കുന്നു. ഭാവിയിൽ തെരഞ്ഞെടുപ്പുവരെ ഗൂണ്ടകൾ കൈകാര്യം ചെയ്യുന്ന സ്ഥിതിയിലേക്ക് സംസ്ഥാനം പോകും. മുഖ്യമന്ത്രി മറുപടി പറയാൻ 15 മിനിട്ട് എടുത്തത് തന്നെ അക്രമങ്ങൾ വർധിച്ചതാണ് ചൂണ്ടിക്കാട്ടുന്നതെന്നും മുരളീധരൻ ആരോപിച്ചു.പൊലീസിന്‍റെ മനോവീര്യം തകർന്നുവെന്നും ഡി.ജി.പിയെ വരെ സ്ഥലംമാറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി അക്രമത്തെ ലാഘവത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി . കണ്ണൂരിനെ കുരുതിക്കളമാക്കാനുള്ള ശ്രമമാണ് സി.പി.എമ്മും ബി.ജെ.പിയും നടത്തുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.