തിരുവനന്തപുരം: ലൗ ജിഹാദ് ആരോപിച്ച് പശ്ചിമ ബംഗാള്‍ സ്വദേശി മുഹമ്മദ് അഫ്‌റാസുലിനെ ജീവനോടെ ചുട്ടുകൊന്ന സംഭവം രാജ്യത്തിനാകെ അപമാനകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍.
അതുകൂടാതെ കൊലപാതക ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് കൊലയാളിയുടെ രാക്ഷസീയ മനോഭാവമാണ് വ്യക്തമാക്കുന്നത്. സംഘപരിവാര്‍ രാജ്യത്ത് വ്യാപകമായി നടത്തിവരുന്ന വര്‍ഗ്ഗീയ വിദ്വേഷ പ്രചരണത്തിന്‍റെ അനന്തരഫലമാണ് ഈ ക്രൂരകൃത്യമെന്ന് അദ്ദേഹം പറഞ്ഞു.
ഇതെല്ലാം നടത്തുന്ന ഈ മനുഷ്യവിരുദ്ധ സംഘപരിവാര്‍ കൂട്ടങ്ങളെ നിയമപരമായി അമര്‍ച്ച ചെയ്‌തേ മതിയാകൂ. മനസാക്ഷിയെ ഞെട്ടിപ്പിച്ച ഈ മൃഗീയ കുറ്റകൃത്യത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാനും ഇത്തരം ദുഷ്ടശക്തികളെ ഒറ്റപ്പെടുത്താനും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. രാജസ്ഥാന്‍ സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിക അര്‍ഹത ഈ സംഭവത്തോടെ ഇല്ലാതായിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.
അതേസമയം, മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ കടുത്ത പ്രതികരണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനെര്‍ജീയും രംഗത്തെത്തി. കൊല്ലപ്പെട്ട മുഹമ്മദ് അഫ്‌റാസുലിന്‍റെ കുടുംബത്തിന് 3 ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചു. കൂടാതെ കുടുംബത്തിലെ ഒരു വ്യക്തിയ്ക്ക് ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ കൊല്ലപ്പെട്ട മുഹമ്മദ് അഫ്‌റാസുലിന്‍റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പ്രത്യേക സംഘത്തെയും അയച്ചിട്ടുണ്ട്.
അഫ്‌റാസുലിനെ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കണ്ട ശംഭുലാലിനെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അതുകൂടാതെ
കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ രാജസ്ഥാൻ സർക്കാർ വ്യാഴാഴ്ച പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംഭവത്തിന് പിന്നില്‍ വര്‍ഗീയതയുണ്ടോ എന്നും സംഘം അന്വേഷിക്കും.
കൊലപാത്തിന്‍റെ കാരണം വ്യക്തമല്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. രജ്‌സമന്ദ് ജില്ലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.