കൊച്ചി: പാലക്കാട് ജില്ലയില്‍ ഗര്‍ഭിണിയായ കാട്ടാന സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് കൊല്ലപ്പെട്ട സംഭവത്തിലും, തുടര്‍ന്ന് സംഭവം നടന്നത് മുസ്ലീം പ്രാതിനിധ്യ൦ കൂടുതലുള്ള മലപ്പുറത്താണെന്ന തരത്തില്‍ ജില്ലക്കെതിരെ ചിലര്‍ ഉയര്‍ത്തിയ വിദ്വേഷ പ്രചരണത്തിലും പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്....
യഥാര്‍ത്ഥ പ്രശ്‌നത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ ഈ സംഭവത്തെ ഒരു മുസ്ലീം വിരുദ്ധ, വിദ്വേഷ പ്രചാരണമാക്കി മാറ്റുന്ന തരത്തിലേക്കുള്ള ചിലരുടെ ഇടപെടലുകള്‍ യഥാര്‍ത്ഥത്തില്‍ ആശ്ചര്യപ്പെടുത്തുന്നതാണെന്ന് പാര്‍വതി ട്വിറ്ററില്‍ കുറിച്ചു.
സ്‌ഫോടനാത്മകമായ കെണികള്‍ ഉപയോഗിച്ച് മൃഗങ്ങളെ വേട്ടയാടുന്ന ക്രൂരമായ നടപടികള്‍ നിര്‍ബന്ധമായും അവസാനിപ്പിക്കേണ്ടതാണ്. ശിക്ഷാര്‍ഹമായ കുറ്റമാണ് ഇത്. എന്നാല്‍, യഥാര്‍ത്ഥ സംഭവത്തെ മറ്റൊരു രീതിയില്‍ വളച്ചൊടിക്കുമ്പോള്‍ വിസ്മരിക്കപ്പെടുന്നത് യഥാര്‍ത്ഥ പ്രശ്‌നങ്ങളാണെന്നും, അതുകൊണ്ട് തന്നെ യഥാര്‍ത്ഥ പ്രശ്‌നത്തെ കുറിച്ച് സംസാരിക്കൂവെന്നു൦ പാര്‍വതി ചൂണ്ടിക്കാട്ടി. സംഭവിച്ച കാര്യം കേട്ട് തകര്‍ന്നുപോയി. എന്നാല്‍ ഇപ്പോള്‍ ഇത് സംഭവിച്ച ജില്ല തിരഞ്ഞ് പുതിയ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍. ഇത്തരക്കാരെയോര്‍ത്ത് ലജ്ജിക്കുന്നു അവര്‍ പറഞ്ഞു.
സ്ഫോടക വസ്തു വായിലിരുന്ന് പൊട്ടി പിടിയാന ചെരിഞ്ഞ സംഭവത്തിൽ മേനക ഗാന്ധി നടത്തിയ ട്വീറ്റ് ആണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സംഭവം നടന്നത് പാലക്കാട് ജില്ലയിലാണ്. പക്ഷെ തന്‍റെ ട്വീറ്റില്‍ മേനക ഗാന്ധി പരാമര്‍ശിച്ചത് മുസ്ലീം പ്രാതിനിധ്യ൦ കൂടുതലുള്ള മലപ്പുറമാണ്.... കൂടാതെ, മലപ്പുറം ജില്ല ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് എന്നും അവര്‍ പറഞ്ഞിരുന്നു.
പാലക്കാട് ആന ചരിഞ്ഞതില്‍ മലപ്പുറത്തിനെതിരെ ആരോപണവുമായി മേനകാ ഗാന്ധി എത്തിയതോടെ സംഭവത്തിന് വര്‍ഗ്ഗീയ പരിവേഷം നല്‍കുകയാണ് എന്ന ആരോപണം ഉയര്‍ന്നു. ആനയുടെ കൊലപാതകവുമായി യാതൊരു ബന്ധവുമില്ലാത്ത മലപ്പുറം ജില്ലയെ ഈ വിഷയത്തിലേയ്ക്ക് മനപ്പൂര്‍വ്വം എടുത്തിട്ടതാണ് എന്നാണ് ചിലര്‍ ആരോപിക്കുന്നത്. ആനയുടെ കൊലപാതകത്തിലും വര്‍ഗ്ഗീയത കണ്ടെത്താന്‍ നേതാക്കള്‍ ശ്രമിക്കുകയാണ് എന്നും ആരോപണമുയരുന്നുണ്ട്.
ആന ചരിഞ്ഞ സംഭവത്തോടൊപ്പം മേനക ഗാന്ധിയുടെ മലപ്പുറ൦ പരാമര്‍ശവും വന്‍ വിവാദത്തിന് വഴിയൊരുക്കിയിരിയ്ക്കുകയാണ്.