വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രം ലൈഗറിന് തീയേറ്ററുകളിൽ കാര്യമായ വിജയം നേടാൻ കഴിയാത്തതിന് പിന്നാലെ താരം നിർമ്മാതാക്കൾക്ക് നഷ്ടപരിഹാരം നൽകാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. ന്യൂസ് 18 പുറത്തുവിട്ട റിപ്പോർട്ടുകൾ അനുസരിച്ച് ആറ് കോടി രൂപയാണ് വിജയ് ദേവരകൊണ്ട നഷ്ടപരിഹാരമായി നൽകാൻ ഒരുങ്ങുന്നത്. വമ്പൻ ബജറ്റിൽ എത്തിയ ചിത്രത്തിന് ആദ്യ വാരം പിന്നിടുമ്പോൾ ആകെ 18 കോടി രൂപ മാത്രമാണ് ബോക്സ്ഓഫീസിൽ സ്വന്തമാക്കാൻ കഴിഞ്ഞത്. വിജയ് ദേവരകൊണ്ടയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ലൈഗർ. വൻ പ്രതീക്ഷയോടെ ആഗസ്റ്റ് 25 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. എന്നാൽ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തുകയായിരുന്നു.
ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ പുരി ജഗന്നാഥ് ചിത്രം, മൈക് ടൈസൻ വരുന്നു, വിജയ് ദേവരകൊണ്ടയുടെ ഒരുപാട് നാളത്തെ കഷ്ടപ്പാട് തുടങ്ങി നിരവധി കാര്യങ്ങളാണ് സിനിമയിലേക്ക് പ്രേക്ഷകരെ ആകർഷിച്ചത്. പ്രതീക്ഷകൾ പോലെ ഒന്നും വന്നിട്ടില്ല എന്നുള്ള പരാതി മാത്രമല്ല മൈക് ടൈസനെ കോമാളി ആക്കിവെച്ചു എന്നുള്ള ദേഷ്യവും പ്രേക്ഷകർക്കിടയിലുണ്ട്. നായികയായ അനന്യ പാണ്ഡേ വെറുതെ പാട്ടിന് ഡാൻസ് കളിക്കാനായി മാത്രം ഉള്ള നായിക, മൈക് ടൈസൻ ഇതിലും ഭേദം അഭിനയിക്കാതിരിക്കുന്നതായിരുന്നു എന്നതായിരുന്നു സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണം.
ലൈഗറിന്റെ ഡിജിറ്റൽ അവകാശങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറ് നേടിയതായി റിപ്പോർട്ട്. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ വൻ തുകയ്ക്കാണ് വിറ്റ് പോയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ചിത്രം ഒരു മാസം തിയേറ്ററിൽ പ്രദർശനം പൂർത്തിയാക്കിയതിന് ശേഷം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെലുഗു ഉൾപ്പടെ 5 ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. ഹിന്ദി, തെലുഗു ഭാഷകളിൽ ഇറങ്ങിയ ചിത്രം കന്നട, മലയാളം, തമിഴ് ഭാഷകളിൽ മൊഴി മാറ്റിയാണ് റിലീസ് ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...