ഒരു ചേച്ചിയുടെയും അനിയന്‍റെയും സിംപിൾ ആന്‍റ് പവർഫുൾ കഥ; ജോ & ജോ റിവ്യൂ

ലോക്ക്ഡൗൺ സമയത്ത് കേരളത്തിൽ ട്രെന്‍റായി മാറിയ ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകൾ, ക്ലബ് ഹൗസ്, ബക്കറ്റ് ചിക്കൺ, പോലീസിനെ വെട്ടിച്ച് പറമ്പിലെ കളി, ഓണ്‍ലൈൻ ക്ലാസ്സ്, വീടിന് പുറത്തിറങ്ങാനുള്ള സമ്മതപത്രം തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഈ സിനിമയിൽ പരാമർശിക്കുന്നുണ്ട്.

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : May 14, 2022, 06:13 PM IST
  • ഒരു ശരാശരി മിഡിൽ ക്ലാസ് കുടുംബത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ ആണ് ജോ ആൻഡ് ജോയിൽ ചർച്ച ചെയ്യുന്നത്.
  • കേരളത്തിലെ ഭൂരിഭാഗം വീടുകളിലും നിലനിൽക്കുന്ന ലിംഗ വിവേചവും മികച്ച രീതിയിൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
  • നർമ്മ രംഗത്തിൽ പൊതിഞ്ഞ മേക്കിങ്ങ് ആയത്കൊണ്ട് തന്നെ ആദ്യാവസാനം വിരസത കൂടാതെ ചിത്രം ആസ്വദിക്കാൻ സാധിക്കും.
ഒരു ചേച്ചിയുടെയും അനിയന്‍റെയും സിംപിൾ ആന്‍റ് പവർഫുൾ കഥ; ജോ & ജോ റിവ്യൂ

നവാഗതനായ അരുൺ. ഡി. ജോസ് സംവിധാനം ചെയ്ത് നിഖില വിമൽ, മാത്യൂ തോമസ്, നെൽസൺ.കെ ഗഫൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 'ജോ ആൻഡ് ജോ'. കോവിഡ് കാലത്തിന് ശേഷം ലോക്ക്ഡൗൺ പശ്ചാത്തലമായി നിരവധി മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. അവയിൽ ഏറ്റലും മികച്ച ചിത്രങ്ങളിലൊന്നാണ് 'ജോ ആൻഡ് ജോ' എന്ന ഈ കോമഡി എന്‍റർടൈനർ ചിത്രം. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന് ശേഷം മാത്യൂ തോമസും നെൽസൺ കെ ഗഫൂറും ഒന്നിക്കുന്ന ചിത്രമായതിനാൽത്തന്നെ റിലീസിന് മുൻപേ വളരെയധികം പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഇത്. 

സിനിമയുടെ ട്രൈലർ ആ പ്രതീക്ഷകൾക്ക് കൂടുതൽ വളമേകി. ലോക്ക്ഡൗൺ സമയത്ത് കേരളത്തിലെ ഒരു ശരാശരി മിഡിൽ ക്ലാസ് കുടുംബത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ ആണ് ജോ ആൻഡ് ജോയിൽ ചർച്ച ചെയ്യുന്നത്. സിനിമയുടെ വളരെ ലളിതമായ കഥാപശ്ചാത്തലം കാരണം കൂടുതൽ പ്രേക്ഷകർക്കും ഈ ചിത്രം റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്. ലോക്ക്ഡൗൺ സമയത്ത് കേരളത്തിൽ ട്രെന്‍റായി മാറിയ ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകൾ, ക്ലബ് ഹൗസ്, ബക്കറ്റ് ചിക്കൺ, പോലീസിനെ വെട്ടിച്ച് പറമ്പിലെ കളി, ഓണ്‍ലൈൻ ക്ലാസ്സ്, വീടിന് പുറത്തിറങ്ങാനുള്ള സമ്മതപത്രം തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഈ സിനിമയിൽ പരാമർശിക്കുന്നുണ്ട്. 

Read Also: സൂര്യകാന്തിപ്പൂക്കളുടെ അഴകുവിടർത്തി ഉഴമലയ്ക്കല്‍ ഗ്രാമം

കേരളത്തിലെ ഭൂരിഭാഗം വീടുകളിലും നിലനിൽക്കുന്ന ലിംഗ വിവേചവും മികച്ച രീതിയിൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ചുരുക്കത്തിൽ ഒരു സാധാരണ മലയാളിക്ക് വളരെയധികം റിലേറ്റ് ചെയ്യാൻ പറ്റുന്നതും ആസ്വദിക്കാനാകുന്നതുമായ കാര്യങ്ങളെ ഉൾപ്പെടുത്തി മികച്ച രീതിയിൽ നിർമ്മിച്ച ഒരു കോമഡി എന്‍റർടൈനറാണ് 'ജോ ആൻഡ് ജോ'. ജോമോൾ, ജോമോൻ എന്ന ചേച്ചിയെയും അനിയനെയും കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന ചിത്രമാണ് 'ജോ ആൻഡ് ജോ'. ഇരുവരും ഒരു മിഡിൽ ക്ലാസ്സ് കുടുംബത്തിലെ അംഗങ്ങളാണ്. 

അനിയനായ ജോമോൻ ഡിഗ്രീ ആദ്യവർഷ വിദ്യാർത്ഥിയാണ് ചേച്ചിയായ ജോമോൾ ബിരുദം പൂർത്തിയാക്കി ജോലിക്ക് വേണ്ടിയുള്ള ശ്രമമാണ് ഇതിനോടൊപ്പം വീട്ടിൽ പ്ലസ് ടു, പത്താംക്ലാസ്സ് വിദ്യാർത്ഥികൾക്ക് ട്യൂഷനും എടുക്കുന്നുണ്ട്. ഇരുവർക്കും ഇടയിലെ ചെറിയ അടിപിടിക‌ൾ പറഞ്ഞാണ് ചിത്രം മുന്നോട്ട് പോകുന്നത്. ആൺകുട്ടി ആയതിനാൽത്തന്നെ ജോമോന് വീട്ടിൽ കൂടുതൽ വാത്സല്യവും സ്വാതന്ത്യവും നൽകുന്നുണ്ട്. ലോക്ക്ഡൗണിനെ തുടർന്ന് പുറത്തെവിടെയും പോകാൻ കഴിയാതെ വീട്ടിൽ ഒതുങ്ങികൂടേണ്ട അവസ്ഥയാണ് ജോമോൾക്ക്, എന്നാൽ ജോമോൻ സുഹൃത്തുക്കളോടൊപ്പം പുറത്ത് കറങ്ങാനും ചൂണ്ടയിടാനും എല്ലാം പോയി ലോക്ക്ഡൗണിന്‍റെ ആലസ്യം മറികടക്കുന്നു.

Read Also: Vivaaha Aavaahanam: നിരഞ്ജ് മണിയൻപിള്ള രാജു നായകനാകുന്ന “വിവാഹ ആവാഹനം” ഫസ്റ്റ് ലുക്ക് പുറത്ത്

ഇതിൽ ജോമോൾക്ക് കടുത്ത നിരാശയും അമർഷവും ഉണ്ട്. ചിലയിടങ്ങളിൽ ഈ ലിംഗവിവേചനവുമായി ബന്ധപ്പെട്ട് മികച്ച ചില പൊളിട്ടിക്കൽ സ്റ്റേറ്റ്മെന്‍റുകളും ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്. ജോമോന്‍റെ ഒപ്പം എല്ലാ ആവശ്യങ്ങള്‍ക്കും കൂടെ നിക്കുന്ന മനോജ് സുന്ദരൻ ( നെൽസൺ.കെ ഗഫൂർ ), എബി ( മെൽവിൻ ) എന്ന രണ്ട് സുഹൃത്തുക്കൾ ചിത്രത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങളാണ്. സിനിമയിലെ നർമ്മ രംഗങ്ങൾക്ക് കൂടുതൽ ആവേശം പകരുന്നത് ഇവർക്കിടയിലെ മികച്ച കെമസ്ട്രി ആണ്. സുഹൃത്തുക്കൾക്കിടയിലെ ചില കൗണ്ടറുകളും കളിയാക്കലുകളും എല്ലാം തീയറ്ററിൽ പൊട്ടിച്ചിരി ഉയർത്തിയിരുന്നു. 

തണ്ണീർ മത്തൻ ദിനങ്ങളിലേത് പോലെ തന്നെ മാത്യൂ തോമസ്, നെൽസൺ.കെ ഗഫൂർ കോംബോ ഈ ചിത്രത്തിലും മികച്ച് നിന്നു. ജോമോളുടെയും ജോമോന്‍റെയും അച്ഛനമ്മ കഥാപാത്രങ്ങളെ അവതരിപ്പിച്ച ജോണി ആന്‍റണിയുടെയും സ്മിനുവിന്‍റെയും കഥാപാത്രങ്ങളും ചിത്രത്തിൽ വളരെയധികം പ്രാധാന്യമുള്ളവ ആയിരുന്നു. ജോമോനെയും ജോമോളെയും കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന ഈ സിനിമയിൽ ഇരുവർക്കും പരസ്പരം സംശയം ജനിപ്പിക്കുന്ന രീതിയിൽ ഒരു സംഭവം അരങ്ങേറുന്നു. 

തുടർന്ന് ചേച്ചിയും അനിയനും ഇതിന് പിന്നിലെ രഹസ്യം അറിയാൻ വേണ്ടി നടത്തുന്ന അന്വേഷണങ്ങളും ഇത് കാരണം ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്‍റെ പ്രധാന പ്രമേയം. നർമ്മ രംഗത്തിൽ പൊതിഞ്ഞ മേക്കിങ്ങ് ആയത്കൊണ്ട് തന്നെ ആദ്യാവസാനം വിരസത കൂടാതെ ചിത്രം ആസ്വദിക്കാൻ സാധിക്കും. എങ്കിലും സീരിയസ് ആയി ചർച്ച ചെയ്യപ്പെടേണ്ട ചില വിഷയങ്ങൾ വളരെയധികം ലൈറ്റ് ആയത് പോലെ തോന്നി. ലിംഗ വിവേചനം പോലെയുള്ള വിഷയങ്ങൾക്ക് കുറച്ച് കൂടി പ്രാധാന്യം നൽകി അവതരിപ്പിച്ചിരുന്നു എങ്കിൽ ചിത്രം മുന്നോട്ട് വയ്ക്കുന്ന സന്ദേശം ശക്തമായേനെ. 

Read Also: Don Review: ക്യാംപസിലെ ചക്രവർത്തി "ഡോണായ" കഥ; മുഴുനീള കോമഡിയുമായി ശിവകാർത്തികേയന്റെ ഡോൺ; യുവാക്കൾക്ക് ഒരു സന്ദേശവും

ചിത്രത്തിലെ പല രംഗങ്ങളും ഇതിന്‍റെ  ഡിജിറ്റൽ റിലീസ് കഴിയുന്നതോടുകൂടി വാട്ട്സാപ്പ് സ്റ്റാറ്റസുകളായും ഇൻസ്റ്റാഗ്രാം സ്റ്റോറികളായും പ്രചരിക്കാൻ വളരെയധികം സാധ്യതയുണ്ട്. അത്രയധികം യുവാക്കൾക്കും കുടുംബങ്ങൾക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണ് സിനിമയിൽ ഉടനീളം ഉള്ളത്. ചുരുക്കത്തിൽ പറഞ്ഞാൽ അമിത പ്രതീക്ഷകൾ ഇല്ലാതെ ഈ വേനൽക്കാലത്ത് കുടുംബസമേതം കാണാൻ പറ്റിയ നല്ലൊരു തമാശ ചിത്രമാണ് 'ജോ ആൻഡ് ജോ' അധവാ ജോമോൾ & ജോമോൻ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News