ന്യൂഡല്‍ഹി: അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച സംവിധായകനും ഗായകനും ഉള്‍പ്പടെ ഒന്‍പത് പുരസ്കാരങ്ങള്‍ മലയാളം സ്വന്തമാക്കി. മികച്ച അവലംബിത തിരക്കഥയ്ക്കും മികച്ച സംവിധായകനുമുള്ള പുരസ്കാരം ജയരാജ് നേടി. ഭയാനകം എന്ന ചിത്രത്തിനാണ് പുരസ്കാരങ്ങള്‍ ലഭിച്ചത്.
ഒരു ഇടവേളയ്ക്ക് ശേഷം മികച്ച ഗായകനുള്ള പുരസ്കാരം യേശുദാസ് സ്വന്തമാക്കി. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ ഗാനത്തിനാണ് പുരസ്കാരം. ടേക്ക് ഓഫിലെ അഭിനയം പാര്‍വതിയെ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയാക്കി. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്കാരവും ടേക്ക് ഓഫ് ചിത്രത്തിനാണ്. സന്തോഷ് രാമനാണ് പുരസ്കാരം.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും മൂന്ന് പുരസ്കാരങ്ങളാണ് നേടിയത്. മികച്ച തിരക്കഥ (സജീവ് പാഴൂര്‍), മികച്ച സഹനടന്‍ (ഫഹദ് ഫാസില്‍), മികച്ച മലയാള ചിത്രം എന്നീ പുരസ്കാരങ്ങള്‍ ഈ ചിത്രം സ്വന്തമാക്കി.
മൂന്ന് പുരസ്കാരങ്ങള്‍ നേടി ശ്രദ്ധ നേടിയ മറ്റൊരു ചിത്രം ജയരാജിന്‍റെ ഭയാനകമാണ്. മികച്ച അവലംബിത തിരക്കഥ, മികച്ച സംവിധായകന്‍ എന്നിവയ്ക്ക പുറമെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ഈ ചിത്രത്തിലൂടെ നിഖില്‍ എസ് പ്രവീണ്‍ നേടി. സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രമായി ആളൊരുക്കം തെരഞ്ഞെടുക്കപ്പെട്ടു. വി.സി അഭിലാഷാണ് ചിത്രത്തിന്‍റെ സംവിധായകന്‍.
ടേക്ക് ഓഫിലെ പാര്‍വതിയുടെയും തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ ഫഹദ് ഫാസിലിന്‍റെയും അഭിനയം വിസ്മയിപ്പിച്ചു എന്ന് പുരസ്കാര പ്രഖ്യാപനത്തിനിടെ ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂര്‍ അഭിപ്രായപ്പെട്ടു. മലയാള സിനിമയും അതിലെ അഭിനേതാക്കളും തന്നെ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ആളൊരുക്കം, ഭയാനകം എന്നീ ചിത്രങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചായിരുന്നു പുരസ്കാര പ്രഖ്യാപനം.