ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോക്കിടെ തിരക്കിൽ പെട്ട് മരിച്ച രേവതിയുടെ കുടുംബത്തിന് ധനസഹായം കൈമാറി ചിത്രത്തിന്റെ നിർമാതാവ്. 50 ലക്ഷം രൂപയാണ് ധനസഹായമായി നൽകിയത്. ഇവരുടെ മകൻ ശ്രീതേജിന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചിരുന്നു. കുട്ടി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തിയാണ് നിർമാതാവ് നവീൻ യെർനേനി കുടുംബത്തിന് 50 ലക്ഷത്തിന്റെ ചെക്ക് കൈമാറിയത്. യുവതിയുടെ മരണത്തിൽ അനുശോചിക്കുന്നതായും ഇവരുടെ കുടുംബത്തിനുള്ള പിന്തുണയായിട്ടാണ് ധനസഹായം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംഭവത്തിൽ അല്ലു അർജുനെ ഹൈദരാബാദ് പൊലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11ന് ചിക്കട്പള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയാണ് അല്ലു അർജുന് നോട്ടീസ് കൈമാറിയത്.
ഡിസംബർ 4നാണ് പുഷ്പ 2 പ്രീമിയറുമായി ബന്ധപ്പെട്ട് സന്ധ്യ തിയേറ്ററിൽ ദുരന്തം സംഭവിച്ചത്. തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരിക്കുകയും ഇവരുടെ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്‌മെന്‍റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 13നാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും താരത്തിന് ഇടക്കാല ജാമ്യം ലഭിച്ചു. 50,000 രൂപയുടെ ബോണ്ടിനാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്.
അതേസമയം അല്ലു അർജുനെതിരെ ഗുരുതര ആരോപണങ്ങളാണ് പൊലീസ് ഉന്നയിക്കുന്നത്. പ്രീമയർ ഷോക്കിടെ സ്ത്രീ മരിച്ച വിവരം പോലീസ് അറിയിച്ചില്ലെന്ന നടന്റെ വാദം കള്ളമാണെന്ന് തെലങ്കാന പോലീസ് പറഞ്ഞു. അല്ലു അർജുൻ എത്തിയ സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.
ഷോ പൂർത്തിയാകുന്നതിന് മുൻപ് തന്നെ അല്ലു അർജുൻ ഡിസിപിക്കൊപ്പം പുറത്തേക്ക് വരുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. യുവതിയുടെ മരണത്തിന് പിന്നാലെ അല്ലുവിന്റെ മാനേജരോട് എസിപി വിവരം അറിയിച്ചു. തിയേറ്ററിൽ നിന്ന് ഉടൻ മടങ്ങണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അനുകൂല പ്രതികരണം അല്ലാത്തതിനാൽ എസിപി നേരിട്ട് നടനോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടു.
എന്നാൽ, ഷോ പൂർത്തിയാകും വരെ തിയേറ്ററിൽ തുടരുമെന്നായിരുന്നു അല്ലു അർജുന്റെ മറുപടി. തുടർന്ന് എസിപി ഡിസിപിയെ ബാൽക്കണയിലേക്ക് വിളിച്ചുകൊണ്ടുവന്ന് നടനെ പുറത്തിറക്കിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.