കോഴിക്കോട്: വിഖ്യാത നോവല്‍ രണ്ടാമൂഴത്തിന്‍റെ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി.വാസുദേവൻ നായർ നല്‍കിയ ഹര്‍ജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോഴിക്കോട് മുന്‍സിഫ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
അതേ സമയം അനുരജ്ഞന ശ്രമവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്തുണ്ട്. എന്നാല്‍, നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നായിരുന്നു ഇതിന് എം ടിയുടെ മറുപടി.
ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ബി.ആര്‍.ഷെട്ടിക്കും സംവിധായകനും ഇത് സംബന്ധിച്ച് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.
തിരക്കഥ സിനിമയാക്കുന്നതില്‍ നിന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും നിര്‍മ്മാണ കമ്പനിയായ എയര്‍ ആന്‍ഡ‍് എര്‍ത്ത് ഫിലിംസിനെയും താല്‍കാലികമായി കോടതി വിലക്കുകയും ചെയ്തിരുന്നു.
മലയാളത്തിലും ഇംഗ്ലീഷിലും എഴുതി നല്‍കിയ തിരക്കഥയുടെ കരാര്‍ കാലാവധി അവസാനിച്ചിട്ടും സിനിമ ആരംഭിക്കാത്തതാണ് എം.ടിയെ പ്രകോപിപ്പിച്ചത്.
തിരക്കഥ നല്‍കി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും സിനിമ തുടങ്ങാത്തതിനാല്‍ തിരക്കഥ തിരികെ ആവശ്യപ്പെട്ട് കഴിഞ്ഞ പത്തിനാണ്എം.ടി വാസുേദവന്‍ നായര്‍ കോടതിയെ സമീപിച്ചത്.
ഇതിനിടെ രണ്ടാമൂഴം സിനിമയാക്കാന്‍ താല്‍പര്യമറിയിച്ച് ചില നിര്‍മ്മാതാക്കള്‍ എം.ടിയെ സമീപിച്ചതായും സൂചനയുണ്ട്. സംഭവം വാര്‍ത്താ പ്രാധാന്യം നേടിയതിന് പിന്നാലെ ശ്രീകുമാര്‍ മേനോന്‍ കോഴിക്കോടുള്ള വീട്ടിലെത്തി എംടിയെ സന്ദര്‍ശിച്ചിരുന്നു.
ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയെ സൗഹാര്‍ദ്ദപരമെന്നായിരുന്നു സംവിധായകന്‍ വിശേഷിപ്പിച്ചത്. കേസ് നിയമയുദ്ധമായി മാറില്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
ചിത്രം എപ്പോള്‍ തിരശ്ശീലയില്‍ വരുമെന്നതായിരുന്നു എംടിയുടെ ആശങ്കയെന്നും അത് പരിഹരിച്ചെന്നും കൂടിക്കാഴ്ചയ്ത്ത് ശേഷം അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ സിനിമാ മേഖലയിലടക്കം എംടി കേസില്‍ നിന്ന് പിന്മാറുന്നുവെന്ന അഭ്യൂഹങ്ങളുണ്ടായി.
എന്നാല്‍ തിരക്കഥാരൂപം തിരികെ വേണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തില്‍ എംടി ഉറച്ചുനില്‍ക്കുകയാണെന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണത്തില്‍ നിന്നും വ്യക്തമാവുന്നത്.