നീരജ് മാധവ്, ബോളിവുഡ് ചലച്ചിത്ര താരം മനോജ് ബാജ്പേ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കുന്ന വെബ് സിരീസിനെതിരെ ആര്‍എസ്എസ്.
'ദ ഫാമിലി മാന്‍' എന്ന വെബ് സിരീസിനെതിരെ ആര്‍എസ്എസ് മാഗസിനായ 'പാഞ്ചജന്യ'യാണ് രംഗത്തെത്തിയിരിക്കുന്നത്.
സീരിസിന്‍റെ ചില എപ്പിസോഡുകള്‍ കശ്മീര്‍, ഭീകരതാ വിഷയങ്ങളില്‍ ദേശവിരുദ്ധ ഉള്ളടക്കങ്ങളുണ്ടെന്നാണ് മാഗസിനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നത്.
ഭീകരരോട് അനുകമ്പയും ദേശവിരുദ്ധതയും പ്രചരിപ്പിക്കുന്ന ഇത്തരം വെബ്സീരീസുകള്‍ക്ക് പിന്നില്‍ ഇടതുപക്ഷക്കാരും കോണ്‍ഗ്രസ് അനുഭാവികളുമായ നിര്‍മ്മാതാക്കളാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.
രാജ്, ഡികെ എന്നിവര്‍ സംവിധാനം ചെയ്തിരിക്കുന്ന 'ഫാമിലി മാന്‍' തീവ്രവാദം തെറ്റല്ലെന്നും തീവ്രവാദികളാകുന്നവരെ ന്യായീകരിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.
സീരീസിലെ എന്‍.ഐ.എ ഉദ്യോഗസ്ഥയായ ഒരു കഥാപാത്രം, കശ്മീരിലെ ജനങ്ങളെ അഫ്‌സ്പ പോലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍ സ്റ്റേറ്റ് അടിച്ചമര്‍ത്തുകയാണെന്ന് പറയുന്നുണ്ട്.
കൂടാതെ, തീവ്രവാദികളും ഭരണകൂടവും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത് എന്ന് ചോദിക്കുന്നതായും ലേഖനത്തില്‍ പറയുന്നു.
2002ലെ ഗുജറാത്ത് കലാപത്തിന് ശേഷമാണ് ഭീകരവാദം ഉണ്ടായതെന്ന് ചിത്രം പറഞ്ഞ് വെക്കുന്നു. കലാപത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടയാള്‍ ഭീകരവാദിയാവുന്നതായി കാണിക്കുന്നുണ്ട്.
എന്നാല്‍ 300 ലധികം ഹിന്ദുക്കള്‍ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെയാരും തീവ്രവാദികളാകാത്തത് എന്തുകൊണ്ടാണെന്നും ലേഖനത്തില്‍ ചോദിക്കുന്നുണ്ട്.
മുന്‍പ് പുറത്തിറങ്ങിയ സേക്രഡ് ഗെയിംസ്, ഗൗള്‍ എന്നീ വെബ് സീരീസുകള്‍ ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷം പരത്തുന്നതാണെന്നും ലേഖനത്തില്‍ പറയുന്നു.
ലോകത്തെ നശിപ്പിക്കാന്‍ ഉതകുന്ന ആരാധനാസമ്പ്രദായമായാണ് ഹിന്ദുമതത്തെ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.