Kochi: മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതിന്‍റെ സന്തോഷം പങ്കുവച്ച് സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu).
നല്ല കഥാപാത്രങ്ങള്‍ ലഭിച്ചതിലും അത് ജനങ്ങള്‍ തിയറ്ററില്‍ കണ്ടതിലും ഇപ്പോള്‍ സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചതിലും ഏറെ സന്തോഷമെന്നും സുരാജ് കൊച്ചിയില്‍ പറഞ്ഞു. വികൃതിയിലെയും ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെയും കഥാപാത്രങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു. ആ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും സുരാജ് പറഞ്ഞു.
'ഉത്തരവാദിത്തം കൂടുകയാണ്. വളരെ എക്‌സ്പീരിയന്‍സ്‌ഡ് ആയിട്ടുള്ളവരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. നല്ല ചിത്രങ്ങളും കഥപാത്രങ്ങളുമെല്ലാം വന്നുകൊണ്ടിരിക്കുകയാണ്. ജനജീവിതം പഴയതുപോലെ ആകണമെന്ന ആഗ്രഹം ഉണ്ട്. എല്ലാ വിഷമതകളും മാറട്ടെ, തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ ഇരുന്ന് സിനിമ കാണുന്ന അവസരം ഉണ്ടാകട്ടെ എന്നാണ് പ്രതീക്ഷ. അതാണ് പ്രാര്‍ത്ഥന. പുരസ്‌കാരം കരസ്ഥമാക്കിയ എല്ലാവര്‍ക്കും അഭിനന്ദനം'-സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
അവാര്‍ഡ് കിട്ടിയതിന് ചിലവില്ലേ എന്ന ചോദ്യത്തിന് സുരാജിന്‍റെ ഉത്തരം ഇങ്ങനെയായിരുന്നു- 'ചെലവുണ്ട്, നല്ല ചെലവുണ്ട്. ഡിജുവിന്‍റെ പടം നടന്നുകൊണ്ടിരിക്കുകയാണ്. പൃഥ്വിരാജും ഞാനും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ജനഗണമന' എന്നാണ് ചിത്രത്തിന്‍റെ പേര്. ലൊക്കേഷനില്‍ ആയതുകൊണ്ട് ഇന്ന് ഭയങ്കര ചെലവായിരിക്കും എനിക്ക്'. അദ്ദേഹം പറഞ്ഞു.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരാജിനെ തേടി മികച്ച നടനുള്ള പുരസ്‌കാരം എത്തിയത്.
119 ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിനായി മത്സരരംഗത്തുണ്ടായിരുന്നത്. കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് പുരസ്‌കാര പ്രഖ്യാപനം നീട്ടി വയ്ക്കുകയായിരുന്നു.