ബൈക്കും ട്രക്കും ഓടിക്കുന്നതിനു വനിതകള്‍ക്ക് ലൈസെൻസ് നൽകുമെന്ന് സൗദി

  

Updated: Dec 17, 2017, 10:46 AM IST
ബൈക്കും ട്രക്കും ഓടിക്കുന്നതിനു വനിതകള്‍ക്ക് ലൈസെൻസ് നൽകുമെന്ന് സൗദി

സൗദി: സൗദിയിൽ വനിതകൾക്ക് മോട്ടോര്‍ സൈക്കിളും ട്രക്കുകളും ഓടിക്കുന്നതിനുള്ള ലൈസെൻസ് നൽകാന്‍ തീരുമാനം. വിദേശ ഡ്രൈവിംഗ് ലൈസൻസ് ഉള്ള വനിതകൾക്ക് ഒരു വർഷം വരെ ഡ്രൈവിംഗ് ടെസ്റ്റ് ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. 

കാറുകൾ കൂടാതെ മോട്ടോര്‍ സൈക്കിളും ട്രക്കുകളും ഓടിക്കുന്നതിനു സൗദിയിൽ വനിതകളെ അനുവദിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റാണ് അറിയിച്ചത്.  ട്രക്കുകൾ ഓടിക്കാൻ നിലവിൽ പുരുഷന്മാർക്ക് ബാധകമായ വ്യവസ്ഥകൾ മാത്രമേ സ്ത്രീകൾക്കും ഉണ്ടാകുകയുള്ളൂ. പ്രൈവറ്റ് ലൈസെൻസ് ലഭിക്കുന്നതിനും ബൈക്ക് ഓടിക്കുന്നതിനുള്ള ലൈസെൻസ് ലഭിക്കുന്നതിനും 18 വയസ്സ് പൂർത്തിയായിരിക്കണം. എന്നാൽ 17 വയസ് പ്രായമുള്ളവർക്ക് ഒരു വർഷത്തിൽ കൂടുതൽ കാലാവധിയില്ലാത്ത താൽക്കാലിക ലൈസെൻസ് അനുവദിക്കും. ഡ്രൈവിംഗ് ലൈസെൻസുകളിൽ ഉടമകളുടെ ഫോട്ടോ പതിക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലെ വ്യവസ്ഥകൾ തന്നെയായിരിക്കും വനിതകൾക്കും ബാധകമെന്നു ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.  അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസെൻസ് ഉള്ള വനിതകൾക്ക് ടെസ്റ്റ് കൂടാതെ സൗദി ലൈസെൻസ് അനുവദിക്കും. എന്നാൽ വിദേശ ലൈസൻസിന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അംഗീകാരമുള്ളതും കാലാവധിയുള്ളതും ആയിരിക്കണമെന്ന്‍ ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. അടുത്ത വർഷം ജുണ്‍ മുതലാണ് വനിതകൾക്ക് ലൈസന്‍സ് നൽകുന്ന നിയമം പ്രാബല്യത്തിൽ വരുക.