പൊടിയും മലിനീകരണവും ചർമ്മത്തെ ദോഷകരമായി ബാധിക്കുന്നു. പലർക്കും എണ്ണമയമുള്ള ചർമ്മവും മുഖക്കുരു പോലുള്ള പ്രശ്നങ്ങളും ഉണ്ട്. ഇത്തരം ചർമ്മമുള്ളവർക്ക് ചർമ്മ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതായി വരും.
എണ്ണമയം കൂടുതലുള്ള ചർമ്മം ഉള്ളവർ ഭക്ഷണകാര്യങ്ങളിലും വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഇതിനായി എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് നോക്കാം.
നമ്മുടെ ചർമ്മം പലപ്പോഴും ഹോർമോണുകൾ, പരിസ്ഥിതി ഘടകങ്ങൾ തുടങ്ങിയവയാൽ തകരാറിലാകുന്നു. ഈ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ എണ്ണമയമുള്ള ചർമ്മത്തിന്റെ പ്രശ്നങ്ങൾ കുറയ്ക്കാൻ സാധിക്കൂ.
പാൽ ഉത്പന്നങ്ങൾ ചർമ്മത്തിന് നല്ലതാണെങ്കിലും ഇവയിലെ ഉയർന്ന ഹോർമോണിന്റെ ഉള്ളടക്കം ചർമ്മത്തിന്റെ സുഷിരങ്ങൾ അടയാൻ കാരണമാകും. ഇത് ചർമ്മം എണ്ണമയമുള്ളതായിത്തീരുന്നതിനും മുഖക്കുരു രൂപപ്പെടുന്നതിനും കാരണമാകുന്നു. അതിനാൽ, എണ്ണമയമുള്ള ചർമ്മമുള്ള ആളുകൾക്ക് പാൽ ഉത്പന്നങ്ങൾക്ക് പകരം ബദാം മിൽക്കോ സോയ മിൽക്കോ ഉപയോഗിക്കാം.
വറുത്ത ഭക്ഷണങ്ങൾ ചർമ്മത്തിന് ദോഷകരമാണ്. എണ്ണ കൂടുതലായി ഉപയോഗിക്കുന്നത് ചർമ്മത്തിൽ കുരുക്കൾ ഉണ്ടാകുന്നതിന് കാരണമാകും. ഫ്രെഞ്ച് ഫ്രൈസ്, സമോസ, ചിപ്സ് തുടങ്ങിയ വറുത്ത ഭക്ഷണങ്ങളിൽ ഒമേഗ-6 ഫാറ്റി ആസിഡുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇതുമൂലം നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം മോശമായേക്കാം.
നിങ്ങൾക്ക് മുഖക്കുരു പ്രശ്നമുണ്ടെങ്കിൽ, മദ്യപിക്കുന്നവരാണെങ്കിൽ, ഉടൻ തന്നെ അത് ഉപേക്ഷിക്കണം. മദ്യം ചർമ്മത്തിന് നല്ലതല്ല. മദ്യത്തിന്റെ ഉപയോഗം ചർമ്മത്തെ വരണ്ടതാക്കുകയും നിർജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യുന്നു. ഇക്കാരണത്താൽ ചർമ്മം അധിക എണ്ണ ഉത്പാദിപ്പിക്കുന്നു. ഇത് സുഷിരങ്ങൾ അടയുന്നതിന് കാരണമാകുന്നു.
മധുരപലഹാരങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിന് മാത്രമല്ല മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഇത് ചർമ്മത്തിനും ദോഷകരമാണ്. പഞ്ചസാര കൂടുതലുള്ള ഭക്ഷണക്രമം ശരീരത്തിൽ വീക്കം ഉണ്ടാക്കും. ഇത് ചർമ്മത്തെ നശിപ്പിക്കുകയും ചർമ്മത്തിലെ എണ്ണമയം വർദ്ധിപ്പിക്കുകയും ചെയ്യും.
ഉപ്പ് അമിതമായി കഴിക്കുന്നത് നമ്മുടെ ചർമ്മത്തെ വരണ്ടതാക്കുന്നു. ഇത് ചർമ്മത്തിൽ എണ്ണ ഉൽപ്പാദിപ്പിക്കുന്നതിന് കാരണമാകുന്നു. അതിനാൽ, ആരോഗ്യകരവും എണ്ണമയമില്ലാത്തതുമായ ചർമ്മം ലഭിക്കാൻ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.