വേനൽക്കാലത്ത് കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ പലരും അനുയോജ്യമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി യാത്രകൾ പോകാറുണ്ട്. പ്രകൃതി കൂടുതൽ സുന്ദരിയാകുന്ന മഴക്കാലത്ത് യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന നിരവധിയാളുകൾ ഉണ്ട്.
Top 5 places to visit in monsoon: പച്ച പുതച്ച് അണിഞ്ഞൊരുങ്ങുന്ന പ്രകൃതിയിലെ അത്ഭുത കാഴ്ചകൾ ആസ്വദിക്കേണ്ടവ തന്നെയാണ്. മഴക്കാല യാത്രകൾ സ്വപ്നം കാണുന്നവർക്ക് അനുയോജ്യമായ ചില സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുണ്ട്.
മൺസൂൺ കാലത്ത് ഉറപ്പായും കണ്ടിരിക്കേണ്ട അഞ്ച് സ്ഥലങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
ലോണാവ്‌ല: മുംബൈയിൽ നിന്നും പൂനെയിൽ നിന്നുമുള്ള ആളുകൾക്ക് മഴക്കാലത്ത് സന്ദർശിക്കാൻ പറ്റിയ സ്ഥലമാണ് ലോണാവ്‌ല. സഹ്യാദ്രി പർവതനിരകളിലെ പച്ചപ്പ് നിറഞ്ഞ താഴ്‌വരകളും വെള്ളച്ചാട്ടങ്ങളും തണുത്ത കാലാവസ്ഥയും ലോണാവ്‌ലയെ മഴക്കാലത്ത് കൂടുതൽ ആകർഷകമാകും. സഞ്ചാരികൾക്ക് ഇവിടെ ട്രെക്കിംഗ്, ബോട്ടിംഗ് തുടങ്ങിയവ ആസ്വദിക്കാം. ഭക്ഷണപ്രിയർക്കും ഏറെ ഇഷ്ടപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഒന്നാണിത്.
മുൻസിയാരി: ഉത്തരാഖണ്ഡിൻ്റെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ അത് മഴക്കാലത്ത് തന്നെ വേണം. നാല് വശവും ഉയർന്ന ഹിമാലയൻ കൊടുമുടികളാൽ ചുറ്റപ്പെട്ട സ്ഥലമാണ് മുൻസിയാരി. മഴക്കാലത്ത് ഇവിടുത്തെ കാലാവസ്ഥ അതിമനോഹരമാണ്. ഹിമാചലിൻ്റെ ഉയരങ്ങൾ കാണാനും ട്രെക്കിംഗ് നടത്താനും ഇവിടെ സാധിക്കും. മനോഹരമായ താഴ്‌വരകളുടെ കാഴ്ചയും ആസ്വദിക്കാം.
ചെല്ലാർകോവിൽ: ദൈവത്തിൻ്റെ സ്വന്തം നാട് എന്നാണ് കേരളം അറിയപ്പെടുന്നത്. മൺസൂണിൽ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് ചെല്ലാർകോവിൽ. ഇടുക്കി ജില്ലയിലെ കുമളിയ്ക്ക് സമീപമാണ് ചെല്ലാർകോവിൽ സ്ഥിതി ചെയ്യുന്നത്. പച്ച പുതച്ച തേയിലത്തോട്ടങ്ങളാലും നീരുറവകളാലും ചുറ്റപ്പെട്ട ഇവിടം മഴക്കാലത്ത് സന്ദർശിക്കേണ്ട സ്ഥലം തന്നെയാണ്.
അരുണാചൽപ്രദേശ്: വടക്ക് കിഴക്കൻ ഇന്ത്യയും മഴക്കാലത്ത് യാത്ര ചെയ്യാൻ അനുയോജ്യമായ ഇടമാണ്. മനോഹരമായ ഹിൽ സ്റ്റേഷനുകൾക്കും പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ട സംസ്ഥാനമാണ് അരുണാചൽ പ്രദേശ്. മൺസൂൺ കാലത്ത് സമൃദ്ധമായ പച്ചപ്പ് ഇവിടെ കാണാം. ഇതോടൊപ്പം നിരവധി നീരുറവകളും കാഴ്ചയെ കൂടുതൽ മനോഹരമാക്കുന്നു.
കൂർഗ്: കർണാടകയുടെ പ്രകൃതി ഭംഗി ഒളിഞ്ഞിരിക്കുന്ന സ്ഥലമാണ് കൂർഗ്. പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട സ്ഥലമായ കൂർഗ് മഴക്കാലത്ത് കൂടുതൽ മനോഹരിയാകും. ഇവിടുത്തെ കുന്നുകളും കാപ്പിത്തോട്ടങ്ങളും പച്ചപ്പ് പുതയ്ക്കും. സഞ്ചാരികൾക്ക് ഇവിടെയുള്ള കോഫി എസ്റ്റേറ്റുകൾ സന്ദർശിക്കാൻ അവസരമുണ്ട്. നിങ്ങൾക്ക് പ്രകൃതി സൗന്ദര്യത്തിനൊപ്പം സാഹസിക കായിക വിനോദങ്ങളും ഇവിടെ ആസ്വദിക്കാം.