ഉത്തർപ്രദേശിലെ സ്കൂളുകൾ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. 9 മുതൽ 12 വരെ ക്ലാസുകൾ 50% ഹാജരോടെ യാണ് തുറക്കുക. വിദ്യാർത്ഥികളുടെ എണ്ണത്തില്‍ വന്‍ കുറവും കോവിഡ് -19 പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്നതും സ്കൂള്‍ തുറന്ന് ആദ്യ ദിവസം കാണാനിടയായി. ഇന്നുമുതല്‍ 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അതേസമയം 6 മുതൽ 8 വരെയുള്ള വിദ്യാർത്ഥികൾക്കുള്ള ക്ലാസ് സെപ്റ്റംബർ 1 മുതൽ ആരംഭിക്കും
ബീഹാറില്‍ 1 മുതലുള്ള ക്ലാസുകളാണ് ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കര്‍ശന കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ പുരപ്പെടുവിച്ചിരിയ്ക്കുന്നത്. വിദ്യാർത്ഥികൾ മാസ്ക് ധരിക്കുകയും കൈ ശുചിത്വം പാലിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ് എന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. ആഗസ്റ്റ് 7 മുതൽ 9 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ സ്കൂളില്‍ എത്തി പഠനം നടത്തുകയാണ്.
രാജസ്ഥാനിലും സ്‌കൂളുകളും കോളേജുകളും ഇന്ന് മുതൽ തുറക്കും. ആദ്യ ഘട്ടത്തിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിക്കുക. രണ്ടാം ഘട്ടത്തിൽ 1 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സ്കൂളുകൾ തുറക്കും.
കോവിഡ് -19 കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെ ആന്ധ്രയിലും സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.
ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആഗസ്റ്റ് 2 മുതല്‍ , 9 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്കൂളിലെത്തി പഠിക്കാനുള്ള അവസരം ഒരുക്കിയിരിയ്ക്കുകയാണ്. കോവിഡ് -19 പ്രോട്ടോക്കോള്‍ കർശനമായി പാലിക്കാൻ എല്ലാ സ്കൂളുകളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്, വിദ്യാർത്ഥികളുടെ എണ്ണം കൂടുതലുള്ള അവസരത്തില്‍ രണ്ട് ഷിഫ്റ്റുകളിലായാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത്. പഞ്ചാബ്, ഛത്തീസ്ഗഢ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.