മലയാളികളുടെ മാത്രമല്ല ഇപ്പോൾ തമിഴ് തെലുങ്ക് സിനിമ ആസ്വാദകരുടെയും പ്രിയങ്കരനാണ് ദുൽഖർ സൽമാൻ. ദുൽഖറിന്റെ സീതാരാമം എന്ന തെലുങ്ക് ചിത്രം നാളെ (ഓഗസ്റ്റ് 5) തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. തെലുങ്ക് കൂടാതെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ദുൽഖർ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ബ്ലാക്ക് ഷർട്ടും ബ്ലാക്ക് പാന്റ്സുമിട്ട് നല്ല സ്റ്റൈലിഷായിട്ടുള്ള ദുൽഖറിനെ ചിത്രങ്ങളിൽ കാണാം. നാളേക്ക് റെഡിയല്ലെ? എന്ന ചോദ്യത്തോടെയാണ് ദുൽഖർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇതിന് ആരാധകർ കമന്റും രേഖപ്പെടുത്തിയിട്ടുണ്ട്. സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണെന്നാണ് ആരാധകരുടെ കമന്റ്.
മൃണാൾ താക്കൂർ, രശ്മിക മന്ദാന, സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ലെഫ്റ്റന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. സീതാലക്ഷ്മിയായി എത്തുന്നത് മൃണാലും. അഫ്രീൻ എന്ന മുസ്ലീ കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നത്.
ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്ന സിനിമാസ് വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്തയാണ് ചിത്രം നിർമിക്കുന്നത്. ദുൽഖർ സൽമാന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സീതാ രാമം. വൈകാരിക പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥയാണ് ചിത്രമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
യുഎഇ ഉൾപ്പടെയുള്ള വിവിധ ജിസിസി രാജ്യങ്ങളിൽ സീതാ രാമം സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് വിവിധ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ചിത്രത്തിന് വിലക്ക്.