ഝാര്‍​ഖ​ണ്ഡില്‍ നിന്നൊരു സുവര്‍ണ്ണ താരം.. രഞ്ജിത മിന്‍ജ്

Last Updated : Jan 26, 2020, 04:43 PM IST
  • ഈ 23കാരി നേടിയതെല്ലാം ഫീല്‍ഡ് ഗോളുകളായിരുന്നുവെന്നതാണ് അത്.
  • ഗോളടി മികവില്‍ മികച്ച് നില്‍ക്കുന്ന രഞ്ജിത കൃത്യതയിലും വേഗതയിലും സ്റ്റാമിനയിലും ആരെയും വെല്ലും.
ഝാര്‍​ഖ​ണ്ഡില്‍ നിന്നൊരു സുവര്‍ണ്ണ താരം..  രഞ്ജിത മിന്‍ജ്

ഝാര്‍​ഖ​ണ്ഡില്‍ നിന്നൊരു സുവര്‍ണ്ണ താരം..  രഞ്ജിത മിന്‍ജ് 

ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഏറെ ശ്രദ്ധ നേടിയ താരമാണ് എസ് എസ് ബിയുടെ രഞ്ജിത മിന്‍ജ്.

ബി ഡിവിഷന്‍  ടൂര്‍ണമെന്‍റില്‍ ഗോളടിച്ചുകൂട്ടുകയാണ് രഞ്ജിത മിന്‍ജ്. രണ്ട് മത്സരങ്ങളില്‍നിന്നായി ആറ് ഗോളുകളാണ് രഞ്ജിത ഇതേവരെ നേടിയത്. ഹിമാചലിനെതിരെ ഒരു ഗോള്‍ നേടിയ രഞ്ജിത വിദര്‍ഭയ്‌ക്കെതിരെ അഞ്ച് ഗോളുകളാണ് സ്‌കോര്‍ ചെയ്തത്. 

ഗോളുകള്‍ സ്കോര്‍ ചെയ്യുക മാത്രമല്ല, ചില പ്രത്യേകതകള്‍കൂടിയുണ്ട് ഇവള്‍ക്ക്. ഈ 23കാരി നേടിയതെല്ലാം ഫീല്‍ഡ് ഗോളുകളായിരുന്നുവെന്നതാണ് അത്. ഗോളടി മികവില്‍ മികച്ച് നില്‍ക്കുന്ന രഞ്ജിത കൃത്യതയിലും വേഗതയിലും സ്റ്റാമിനയിലും ആരെയും വെല്ലും.

കര്‍ഷകരായ ഇലിസ മിന്‍ജ്-ബെനഡിക്ട് മിന്‍ജ് ദമ്പതികളുടെ എട്ട് മക്കളില്‍ അഞ്ചാമത്തെ മകളായ രന്‍ജിതയുടെ ബാല്യം ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. ഝാര്‍ഖ​ണ്ഡിലെ സിംടേക ജില്ലയിലെ ചാമുടോലി ഗ്രാമത്തിലാണ് ജനനം. ചെറുപ്രായത്തില്‍ തന്നെ ഹോക്കിയില്‍ കമ്പമുണ്ടായിരുന്നു. വീട്ടിലെ പ്രാരാബ്ധം മൂലം പന്ത്രണ്ടാം ക്ലാസില്‍ പഠനം നിര്‍ത്തി. കുട്ടിക്കാലത്തെ പ്രയാസങ്ങളിലും ഹോക്കിയില്‍ രഞ്ജിത മികവ് പുലര്‍ത്തിയിരുന്നു. 

2009ല്‍ റാഞ്ചിയിലെ ഹൗസിയ ട്രെയിനിംഗ് സെന്‍ററിലാണ് രഞ്ജിത പരിശീലനം തുടങ്ങിയത്. 2014ല്‍ റാഞ്ചിയിലെ സായി സെന്‍ററിലെത്തി. അതേവര്‍ഷം നടന്ന ജൂനിയര്‍ നാഷണല്‍സില്‍ രഞ്ജിത മിന്‍ജ് കളിച്ച റാഞ്ചി ടീം മൂന്നാം സ്ഥാനത്തെത്തി. 2015, 2016, 2018 വര്‍ഷങ്ങളില്‍ സീനിയര്‍ നാഷണല്‍സില്‍ റാഞ്ചി ടീമില്‍ കളിച്ചു. ചരിത്രത്തിലാദ്യമായി സീനിയര്‍ നാഷണല്‍സില്‍ കളിക്കുന്ന എസ് എസ് ബി (സശാസ്ത്ര സീമാബെല്‍) ടീമില്‍ റാഞ്ചിയുടെ ഗോളടിയന്ത്രം രഞ്ജിത മിന്‍ജുമുണ്ട്. 

2017ലാണ് രഞ്ജിത മിന്‍ജ് എസ് എസ് ബി ടീമിലെത്തുന്നത്. രഞ്ജിതയുടെ സഹോദരി രോഹിത മിന്‍ജും ഹോക്കി കളിക്കാരിയാണ്. 

ഗോള്‍ കീപ്പര്‍ ആല്‍ഫ കെര്‍കേട്ടയുമായാണ് എസ് എസ് ബി ടീമില്‍ രഞ്ജിതയ്ക്ക് കൂടുതല്‍ അടുപ്പം. കേരളത്തില്‍ ഇതാദ്യമായി കളിക്കാനെത്തിയ രഞ്ജിതയ്ക്ക് കേരളത്തെ കുറിച്ചും കൊല്ലത്തെ ന്യൂ ഹോക്കി സ്‌റ്റേഡിയത്തെ കുറിച്ചും പറയാന്‍ ആയിരം നാവാണ്. അസ്‌ട്രോടര്‍ഫ് സ്റ്റേഡിയം വളരെ നല്ല നിലവാരം പുലര്‍ത്തുന്നതാണെന്നാണ് ഈ റാഞ്ചിക്കാരിയുടെ അഭിപ്രായം. ടീമിന്‍റെ കമാന്‍ഡര്‍ മലയാളി കൂടിയായ ഇന്ദു സിദ്ധിഖ് ടീമിനെ ഒന്നിച്ചുകൊണ്ടുപോകുന്നതിലും ടീമില്‍ അച്ചടക്കം നിലനിര്‍ത്തുന്നതിലും വളരെ നല്ല സേവനമാണ് ചെയ്യുന്നതെന്നും രഞ്ജിത പറയുന്നു.

പരിശീലകരായ രാഹുല്‍ പാണ്ഡെയുടെയും പ്രദീപ് കുമാര്‍ സിംഗിന്‍റെയും കീഴില്‍ രഞ്ജിത മിന്‍ജ് മികച്ച മുന്നേറ്റനിരക്കാരിയായി മാറിക്കഴിഞ്ഞു. പോരായ്മകളും പാളിച്ചകളും മനസ്സിലാക്കി അത് പരിഹരിക്കാന്‍ ഉതകുന്ന നിര്‍ദ്ദേശങ്ങളാണ് പരിശീലകരുടേതെന്ന് രഞ്ജിത പറയുന്നു. ദുര്‍ഗാപ്രസാദ് യാദവാണ് ടീമിന്‍റെ മാനേജര്‍. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന രഞ്ജിതയുടെ സ്വപ്നം ഇന്‍റര്‍നാഷണല്‍ ജഴ്‌സിയാണ്. മുന്‍ ഝാര്‍ഖണ്ഡ് ഹോക്കി താരം നിക്കി പേവാനാണ് രഞ്ജിത മിന്‍ജിന്‍റെ റോള്‍ മോഡല്‍.

രഞ്ജിതയ്ക്ക് ജോലി ലഭിച്ചതിന് ശേഷമാണ് കുടുംബത്തിന്‍റെ പ്രാരാബ്ധങ്ങളില്‍ അയവ് വന്നത്. രഞ്ജിതയുടെ ഒരു സഹോദരന്‍ സൈന്യത്തില്‍ ജോലി ചെയ്യുന്നുണ്ട്. മാതാപിതാക്കള്‍ അടങ്ങിയ കുടുംബത്തെ നന്നായി പരിപാലിക്കണം, നാട്ടില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട് പണി പൂര്‍ത്തിയാക്കണം.. രഞ്ജിത മിന്‍ജിന്‍റെ സ്വപ്‌നങ്ങള്‍ ഇവയൊക്കെയാണ്...

Trending News