ICC T20 World Cup: വിക്കറ്റ് കീപ്പര്‍ അല്ലാതെ സഞ്ജു ഇറങ്ങും? അമേരിക്കയ്‌ക്കെതിരെ ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ പ്രെഡിക്ഷന്‍...

ICC T20 World Cup Indian Playing XI Prediction: ശിവം ദുബേയ്ക്ക് പകരം സഞ്ജു സാംസണെ ഇറക്കുമോ അതോ യശസ്വി ജെയ്സ്വാളിനെ ഇറക്കുമോ എന്നാണ് ഇനി അറിയേണ്ടത്. സഞ്ജുവിന് തന്നെ ആയിരിക്കും മുൻഗണന എന്നാണ് സൂചനകൾ. 

Written by - Zee Malayalam News Desk | Last Updated : Jun 11, 2024, 04:06 PM IST
  • ശിവം ദുബേ മോശം ഫോമിൽ തുടരുന്നതാണ് സഞ്ജുവിന് അവസരമൊരുങ്ങുമെന്ന് കരുതാനുള്ള കാരണം
  • വിക്കറ്റ് കീപ്പർ ആയി ഋഷഭ് പന്ത് തന്നെ ആയിരിക്കും ഇറങ്ങുക
  • യശസ്വി ജെയ്സ്വാളിന് നറുക്ക് വീണേക്കുമെന്നും സൂചനകളുണ്ട്
ICC T20 World Cup: വിക്കറ്റ് കീപ്പര്‍ അല്ലാതെ സഞ്ജു ഇറങ്ങും? അമേരിക്കയ്‌ക്കെതിരെ ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ പ്രെഡിക്ഷന്‍...

ന്യൂയോര്‍ക്ക്: ഐപിഎല്ലിലെ മിന്നുന്ന പ്രകടനം ആയിരുന്നു സഞ്ജു സാംസണ് ടി20 ലോകകപ്പ് ടീമില്‍ ഇടം നേടിക്കൊടുത്തത്. സഞ്ജുവിനെ കൂടാതെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയി ഋഷഭ് പന്തും ടീമില്‍ ഇടം നേടി. പക്ഷേ, സന്നാഹ മത്സരത്തില്‍ ഓപ്പണര്‍ ആയി ഇറങ്ങിയ സഞ്ജു പരാജയപ്പെടുകയും ആ കളി ഋഷഭ് പന്ത് ജയിപ്പിക്കുകയും ചെയ്തു. ഇതോടെ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളിലും സഞ്ജുവിന് ഡഗ്ഗൗട്ടില്‍ തന്നെ ഇരിക്കേണ്ടി വന്നു.

എന്നാല്‍ സഞ്ജുവിനെ ടീമില്‍ എടുക്കാത്തതിനെതിരെ പല കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരിന്നു. ഫോം ഔട്ടായ ശിവം ദുബെയേ ടീമില്‍ ഉള്‍പ്പെടുത്തുകയും സഞ്ജു പുറത്തിരിക്കുകയും ചെയ്യുന്നു എന്നതായിരുന്നു ആ വിമര്‍ശനത്തിന്റെ കാതല്‍. അടുത്ത ദിവസം അമേരിക്കയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ ശിവം ദുബേയ്ക്ക് പകരം സഞ്ജുവിനെ ഇറക്കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്താനുമായുള്ള മത്സരത്തിന് ശേഷം ഇന്ത്യന്‍ ടീമിന് വലിയ ആശങ്കയുള്ളത് ബാറ്റിങ്ങിനെ കുറിച്ചാണ്. പാകിസ്താന് മുന്നില്‍ വെറും 119 റണ്‍സിനാണ് കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നുവീണത്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് കൂടിയാണ് സഞ്ജുവിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നത് എന്നാണ് സൂചനകള്‍. രാജസ്ഥാനില്‍ നിന്നുള്ള മറ്റൊരു യുവതാരമായ യശസ്വി ജെയ്‌സ്വാളിനും ഇത്തവണ പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിട്ടില്ല.

രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോലി ആയിരുന്നു അയര്‍ലണ്ടിനെതിരേയും പാകിസ്താനെതിരേയും ഓപ്പണിങ് പൊസിഷനില്‍ ബാറ്റിങ്ങിന് ഇറങ്ങിയത്. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ കോലിയ്ക്ക് ടി20 ലോകകപ്പില്‍ ഇതുവരെ തിളങ്ങാന്‍ ആയിട്ടില്ല. കോലിയുടെ സ്ഥിരം പൊസിഷന്‍ ആയ വണ്‍ ഡൗണ്‍ പൊസിഷനില്‍ കളിച്ചാല്‍ എന്തെങ്കിലും മാറ്റമുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഓപ്പണിങ് പൊസിഷനിലേക്ക് മറ്റാരെയെങ്കിലും പരീക്ഷിക്കേണ്ടി വരും. ബംഗ്ലാദേശുമായുള്ള സന്നാഹ മത്സരത്തില്‍ സഞ്ജു സാംസണ്‍ ആയിരുന്നു രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്തത്. എന്നാല്‍ വെറും ഒറ്റ റണ്ണിന് സഞ്ജു പുറത്താവുകയായിരുന്നു.

ഈ സാഹചര്യത്തില്‍ യശസ്വി ജെയ്‌സ്വാളിനെ ഓപ്പണിങ് പൊസിഷനിലേക്ക് പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. എന്നാല്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും സഞ്ജു സാംസണെ തന്നെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ അഞ്ചാമനായിട്ടായിരിക്കും സഞ്ജു ഇറങ്ങുക. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വണ്‍ഡൗണ്‍ പൊസിഷനില്‍ ആയിരുന്നു സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചത്.

സൂപ്പര്‍ 8 ലേക്ക് ഏറെക്കുറേ ഉറപ്പായ സ്ഥിതിയ്ക്ക് ടീമില്‍ ചെറിയ പരീക്ഷണം നടത്താന്‍ തന്നെ ആയിരിക്കും ക്യാപ്റ്റന്റേയും കോച്ചിന്റെയും തീരുമാനം. എന്നാല്‍ ഇതിനകം കരുത്ത് തെളിയിച്ച അമേരിക്കയെ നിസ്സാരക്കാരായി തള്ളാനും ആവില്ല. സാധ്യതാ പ്ലേയിങ് ഇലവന്‍ ഇങ്ങനെയാണ്....

1. രോഹിത് ശര്‍മ (ക്യാപ്റ്റന്‍)

2. വിരാട് കോലി 

3. ഋഷഫ് പന്ത് (വിക്കറ്റ് കീപ്പര്‍)

4. സൂര്യകുമാര്‍ യാദവ്

5. സഞ്ജു സാംസണ്‍ / ശിവം ദുബേ

6. ഹാര്‍ദിക് പാണ്ഡ്യ

7. രവീന്ദ്ര ജഡേജ

8. അക്‌സര്‍ പട്ടേല്‍

9. ജസ്പ്രീത് ബുംറ

10. അര്‍ഷദീപ് സിങ്

11. മുഹമ്മദ് സിറാജ്‌

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News