ഗാലെ: ശ്രീലങ്കക്കെതിരേ ഗാലെയില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 189/3 എന്നനിലയിലാണ്. ഇതുവരെ 498 റണ്‍സിന്റെ മൊത്തം ലീഡായി. രണ്ടു ദിനം കളി ശേഷിക്കെ മഴ മാത്രമേ ശ്രിലങ്കയെ രക്ഷിക്കാനാകു. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്കായി നായകൻ വിരാട് കോഹ്ലിയും ഓപ്പണർ അഭിനവ് മുകുന്ദും തിളങ്ങി.
116 പന്തിൽ എട്ടു ബൗണ്ടറികൾ ഉൾപ്പെടെ 81 റൺസെടുത്ത മുകുന്ദ് ഗുണതിലകയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ, അംപയർമാർ ഇന്നത്തെ കളി അവസാനിപ്പിച്ചു. 114 പന്തിൽ അഞ്ചു ബൗണ്ടറി ഉൾപ്പെടെ 76 റൺസെടുത്ത ക്യാപ്റ്റൻ കോഹ്ലി ക്രീസിലുണ്ട്. മൂന്നാം വിക്കറ്റിൽ കോഹ്ലിയും മുകുന്ദും ചേർന്ന് 133 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഒന്നാം ഇന്നിങ്സിലെ സെഞ്ചുറി വീരൻമാരായ ശിഖർ ധവാൻ 14, ചേതേശ്വർ പൂജാര 15 എന്നിവരാണ് മൂന്നാം ദിനം പുറത്തായ ഇന്ത്യൻ താരങ്ങൾ. ദിൽറുവാൻ പെരേര, ലഹിരു കുമാര എന്നിവർക്കാണ് വിക്കറ്റ്.
154ന് 5 എന്ന നിലയില്‍ ഇന്ന് കളി പുനരാരംഭിച്ചപ്പോള്‍ എയ്ഞ്ചലോ മാത്യൂസും ദിൽറുവാൻ പെരേരയും ചേർന്ന് ആറാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് (62) പടുത്തുയർത്തി ലങ്കൻ സകോർ 200 കടത്തി. 246 റണ്‍സിന്റെ ഫോളോഓണ്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ ഇരുവരുടെയും കൂട്ടുകെട്ടില്‍ തോന്നിച്ചെങ്കിലും സ്കോർ 205ൽ എത്തിയപ്പോൾ മാത്യൂസ്(83) പുറത്തായതോടെ ആ പ്രതീക്ഷയും അസ്തമിച്ചു.
ഉച്ചഭക്ഷണത്തിനു പിരിയുന്പോൾ 289/8 എന്ന നിലയിലായിരുന്നു ആതിഥേയർ. എന്നാല്‍, ഉച്ചഭക്ഷണത്തിനുശേഷം കളി പുനരാരംഭിച്ചപ്പോള്‍ മൂന്നു റണ്‍സുകൂടി മാത്രമേ ആതിഥേയർക്ക് നേടാനായുള്ളൂ. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റും, മുഹമ്മദ് ഷാമി രണ്ടു വിക്കറ്റും ഉമേഷ് യാദവ്, ആർ.അശ്വിൻ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.