വാഷിങ്ടൺ: നാസയുടെ പുതിയ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യൻ വംശജനായ ഡോ. അനിൽ മേനോനും. ഇന്ത്യൻ-യുക്രൈൻ കുടിയേറ്റ ദമ്പതികളുടെ മകനാണ് അനിൽ മേനോൻ. അനിൽ മേനോന്റെ പിതാവ് മലയാളിയായ ശങ്കരൻ മേനോനും അമ്മ യുക്രൈൻ സ്വദേശിനി ലിസ സാമോലെങ്കോയുമാണ്. ആർട്ടിമിസ് ഉൾപ്പെടെയുള്ള ഭാവി ദൗത്യങ്ങൾക്കായി തെരഞ്ഞെടുക്കപ്പെട്ട പത്തംഗ സംഘത്തിലാണ് അനിൽ മേനോനും ഇടം നേടിയത്.
Introducing the 2021 class of NASA Astronaut candidates. They'll begin training here in Houston in January. pic.twitter.com/8RsKwXUexH
— NASA's Johnson Space Center (@NASA_Johnson) December 6, 2021
ആറ് പുരുഷന്മാരും നാല് സ്ത്രീകളുമാണ് പുതിയ സംഘത്തിലുള്ളത്. നികോൾ അയേർസ്, മാർകോസ് ബെറിയോസ്, ക്രിസ്റ്റീന ബിർച്ച്, ഡെനിസ് ബർനഹാം, ലൂക് ഡെലാനി, ആൻഡ്രേ ഡഗ്ലസ്, ജാക്ക് ഹാത്ത്‍വേ, ക്രിസ്റ്റിഫർ വില്യംസ്, ജെസിക്ക വിറ്റ്നർ എന്നിവരാണ് അനിൽ മേനോനെ കൂടാതെ സംഘത്തിലുള്ളത്. നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസണാണ് പുതിയ സംഘത്തെ പ്രഖ്യാപിച്ചത്.
12,000-ത്തിലധികം അപേക്ഷകരിൽ നിന്നാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. ജനുവരിയിൽ ടെക്‌സാസിലെ ജോൺസൺ സ്‌പേസ് സെന്ററിൽ ഇവർ പരിശീലനത്തിന് ചേരുമെന്ന് നാസ അറിയിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയം എങ്ങനെ പ്രവർത്തിപ്പിക്കാമെന്നും പരിപാലിക്കാമെന്നും പരിശീലനം നൽകും.
ബഹിരാകാശ നടത്തത്തിനുള്ള പരിശീലനം, റോബോട്ടിക്‌സ് കഴിവുകൾ വികസിപ്പിക്കൽ, സുരക്ഷിതമായി ടി-38 പരിശീലന ജെറ്റ് പ്രവർത്തിപ്പിക്കുക, ആശയവിനിമയം എന്നീ കാര്യങ്ങളിലും രണ്ട് വർഷക്കാലയളവിനുള്ളിൽ ഇവർക്ക് പരിശീലനം നൽകും. പരിശീലനത്തിന് ശേഷം ഇവർ നാസയുടെ ബഹിരാകാശ ദൗത്യത്തിന് അയക്കപ്പെടും.
ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് ന്യൂറോ ബയോളജി പഠിച്ച അനിൽ മേനോൻ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടി. സ്റ്റാൻഫോർഡ് മെഡിക്കൽ സ്കൂളിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിൻ ബിരുദം കരസ്ഥമാക്കി. 2014-ലാണ് നാസയിൽ ചേരുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സഞ്ചാരികൾക്കൊപ്പം ഡെപ്യൂട്ടി ക്രൂ സർജനായി പ്രവർത്തിച്ചു. 2018-ൽ സ്പേസ് എക്സിൽ ചേർന്ന അനിൽ മേനോൻ അഞ്ച് വിക്ഷേപണ ദൗത്യങ്ങളിൽ ലീഡ് ഫ്ലൈറ്റ് സർജനായി പ്രവർത്തിച്ചു. സ്പേസ് എക്സിലെ ജീവനക്കാരിയായ അന്നയാണ് അനിൽ മേനോന്റെ ഭാര്യ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...