ഇമ്രാന്‍ഖാന്‍ രാജിവെക്കണം; പാക്കിസ്ഥാനില്‍ പ്രതിഷേധ റാലി!!

രണ്ട് ദിവസത്തിനുള്ളില്‍ രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. 

Last Updated : Nov 2, 2019, 11:30 AM IST
ഇമ്രാന്‍ഖാന്‍ രാജിവെക്കണം; പാക്കിസ്ഥാനില്‍ പ്രതിഷേധ റാലി!!

ഇസ്‍ലമാബാദ്: ഇമ്രാന്‍ഖാന്‍ സര്‍ക്കാരിന്‍റെ രാജി ആവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ പ്രതിഷേധ റാലി. 

പ്രമുഖ മതസംഘടനയായ ജാമിയത്ത് ഉലെമ ഇ ഇസ്‍ലാം ഫസല്‍ (ജെ.യു.എല്‍.-എഫ്) നേതാവ് മൗലാന ഫസലുര്‍ റഹ്മാന്‍റെ നേതൃത്വത്തിലായിരുന്നു റാലി. 

വെള്ളിയാഴ്ച ഇസ്‍ലാമാബാദില്‍ നടന്ന റാലിയില്‍ ലക്ഷങ്ങള്‍ പങ്കെടുത്തതായി സംഘാടകര്‍ അവകാശപ്പെട്ടു.

സിന്ധ് പ്രവിശ്യയിലെ കറാച്ചിയിലുള്ള സോഹ്രാബ് ഗോതില്‍ നിന്നാണ് റാലി ആരംഭിച്ചത്. അഞ്ച് ദിവസം നീണ്ട റാലി പെഷാവര്‍ മോറിലാണ് അവസാനിച്ചത്. 

സുക്കുര്‍, മുള്‍ട്ടാന്‍, ലാഹോര്‍, ഗുജ്റന്‍വാല എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് റാലി അവസാനിച്ചത്. 

രണ്ട് ദിവസത്തെ സമയമുണ്ടെന്നും അതിനുള്ളില്‍ രാജിവെക്കണമെന്നുമാണ് റഹ്മാന്‍റെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരുടെ ആവശ്യം. 

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും കശ്മീര്‍വിഷയവും കത്തിനില്‍ക്കെ ഇമ്രാന്‍സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് റാലി. 

പ്രതിപക്ഷപാര്‍ട്ടികളായ പാകിസ്താന്‍ മുസ്‍ലിംലീഗ്-നവാസും (പി.എം.എല്‍.എന്‍.) പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും (പി.പി.പി.) മാര്‍ച്ചിനെ പിന്തുണച്ചു.

വ്യാഴാഴ്ച നടത്താനിരുന്ന ആസാദിമാര്‍ച്ച്‌ ലഹോറില്‍ തീവണ്ടിക്ക് തീപിടിച്ച്‌ 74 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.

Trending News