തൃശൂർ: വഞ്ചി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്ന് യുവാക്കളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശമായ ആനവാരിയിൽ തിങ്കളാഴ്ചയാണ് വഞ്ചി മറിഞ്ഞ് മൂന്ന് യുവാക്കളെ കാണാതായത്. കൊള്ളിക്കാട് സ്വദേശികളായ കൊട്ടിശ്ശേരിക്കുടിയിൽ പോൾസൻ മകൻ വിബിൻ (26), പ്രധാനിവീട്ടിൽ ഹനീഫ മകൻ നൗഷാദ് എന്ന സിറാജ് (29), ആറുമുഖൻ മകൻ അജിത്ത് (21) എന്നിവരുടെ മൃതദേഹങ്ങൾ ആണ് കണ്ടെത്തിയത്.
സംഭവം നടന്ന ദിവസം തന്നെ രാത്രി 11 മണി വരെ തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. തുടർന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതൽ തിരച്ചിൽ വീണ്ടും ആരംഭിക്കുകയായിരുന്നു. രാവിലെ 11-15ന് അജിത്തിന്റെ മൃതദേഹമാണ് ആദ്യം പുറത്തെടുത്തത്. തുടർന്ന് 12 മണിയോടെ വിപിന്റെ മൃതദേഹവും പുറത്തെടുത്തു. 12 45ഓടെ സിറാജിന്റെ മൃതദേഹവും തെരച്ചിൽ സംഘം വെള്ളത്തിൽ നിന്നും പുറത്തെടുത്തു.
മൂന്നുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തൃശൂർ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവർക്കൊപ്പം ഉണ്ടായിരുന്ന മണിയൻ കിണർ മറ്റനായിൽ ശക്തിയുടെ മകൻ ശിവപ്രസാദ് (23) രക്ഷപ്പെട്ടിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആണ് അപകടം ഉണ്ടായത്. മരുതുകുഴിയിൽ നിന്നാണ് ഇവർ വഞ്ചിയിൽ യാത്ര തുടങ്ങിയത്. ആനവാരിയിൽ അപകടം സംഭവിക്കുന്നതിന് തൊട്ടു മുമ്പ് വഞ്ചി കരയ്ക്ക് അടുപ്പിച്ചിരുന്നു. തുടർന്ന് ശിവപ്രസാദ് പുറത്തിറങ്ങി. മറ്റ് മൂന്നുപേരും വീണ്ടും റിസർവോയറിലേക്ക് തുഴഞ്ഞു നീങ്ങി. ഇതിനിടെയാണ് ഫൈബർ വഞ്ചി മറിഞ്ഞത്.
ALSO READ: Gujarat: ഗുജറാത്തിൽ ഫാക്ടറിയിൽ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്
റിസർവോയറിൽ കൂടുതൽ ആഴമുള്ള പ്രദേശത്തു വെച്ചാണ് അപകടമുണ്ടായത്. രക്ഷപ്പെട്ട ശിവപ്രസാദ് എത്തിയാണ് നാട്ടുകാരെ വിവരമറിയിച്ചത്. എൻ.ഡി.ആർ.എഫും തൃശ്ശൂർ, ചാലക്കുടി പുതുക്കാട്, വടക്കഞ്ചേരി എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേനാംഗങ്ങളുടെ സ്കൂബാ വിഭാഗവുമാണ് തിരച്ചിൽ നടത്തിയത്. റവന്യൂ മന്ത്രി കെ രാജൻ സ്ഥലം സന്ദർശിച്ചു. ഒല്ലൂർ എ.സി.പി. പി എസ്.സുരേഷ്, പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ ബിബിൻ.ബി.നായർ, തൃശ്ശൂർ തഹസിൽദാർ ടി. ജയശ്രീ, തൃശ്ശൂർ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ വിജയകൃഷ്ണ കെ.യു, വടക്കഞ്ചേരി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ജിനേഷ്.കെ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്. ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവത്രി സദാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ രമേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ ടി ജലജൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും.പ്രദേശത്തെ പഞ്ചായത്ത് അംഗവുമായ സുബൈദ അബൂബക്കർ, പഞ്ചായത്ത് അംഗം ഷീല അലക്സ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...