തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 44 കോടിരൂപ വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടി. കരിപ്പൂരിൽ ഡിആർഐയാണ് ലഹരിമരുന്ന് പിടികൂടിയത്. മൂന്ന് കിലോ കൊക്കെയിനും 1.29 കിലോ ഹെറോയിനും ആണ് പിടികൂടിയത്. ഷാർജയിൽ നിന്ന് എത്തിയ യുപി സ്വദേശിയാണ് അറസ്റ്റിലായത്. ഷൂസിലും ബാഗിലും ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്.
ഉത്തർപ്രദേശിലെ മുസഫർനഗർ സ്വദേശി രാജീവ് കുമാറിൽനിന്നാണ് ഡിആർഐ ലഹരിമരുന്ന് പിടികൂടിയത്. കെനിയയിലെ നെയ്‌റോബിയില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ച രാജീവ്കുമാര്‍ ഷാര്‍ജയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് ചൊവ്വാഴ്ച രാവിലെ കരിപ്പൂരിൽ എത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണവും ചോദ്യം ചെയ്യലും തുടരുകയാണ്.
ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 27 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കൊച്ചി: അങ്കമാലിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊല്ലം സ്വദേശി ഹരികൃഷ്ണനാണ് എക്സൈസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്ന് 27 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. ഓണക്കാലത്ത് നടത്തി വന്നിരുന്ന കര്‍ശന നിരീക്ഷണത്തിനിടെയാണ് ഇയാളെ പിടികൂടിയത്. അങ്കമാലിയിലേക്ക് യുവാവ് മയക്കുമരുന്നുമായി വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
തുടർന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തെത്തി ഹരികൃഷ്ണനെ കുറിച്ച് ലഭിച്ച സൂചനകൾ വച്ച് പരിശോധന തുടങ്ങുകയായിരുന്നു. ഒടുവില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് എക്സൈസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. പരിശോധനയിൽ ഇയാളിൽ നിന്ന് 27.5 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
വിശദമായി വീണ്ടും പരിശോധിച്ചപ്പോള്‍ ഇയാളുടെ കയ്യിൽ നിന്ന് 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ബെംഗളൂരുവില്‍ നിന്നാണ് പ്രതി ബസില്‍ എംഡിഎംഎയും കഞ്ചാവും നാട്ടില്‍ എത്തിച്ചതെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്ബി സിജോ വര്‍ഗീസ് വ്യക്തമാക്കി. ഹരികൃഷ്ണനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...