ജസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിയാം, യുവാവിൻറെ മൊഴി; പാരിതോഷികത്തിനുള്ള വിളികൾ, ജസ്ന ഇപ്പോൾ എവിടെയാണ് ?

ജസ്‌ന എവിടേക്ക് പോയി എന്ന അന്വേഷണത്തിൽ പോലീസ് നീണ്ട അഞ്ച് വർഷത്തിന് ശേഷവും, വഴിമുട്ടി നിൽക്കുകയാണ് 

Written by - Zee Malayalam News Desk | Last Updated : Feb 19, 2023, 04:32 PM IST
  • ജസ്ന വിവാഹം കഴിച്ച് വിദേശത്തുണ്ടെന്ന തരത്തിലുള്ള ക്രൈംബ്രാഞ്ചിന്റെ നിഗമനങ്ങള്‍ തെറ്റാണെന്നു സിബിഐ കണ്ടെത്തിയിരുന്നു
  • കേസ് ഫെബ്രുവരി 2021ൽ സിബിഐക്ക് കൈമാറി
  • ജസ്നയുടെ തിരോധാനക്കേസില്‍ ഇപ്പോൾ വഴിത്തിരിവായി നിര്‍ണായക മൊഴി
ജസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിയാം, യുവാവിൻറെ മൊഴി; പാരിതോഷികത്തിനുള്ള വിളികൾ, ജസ്ന ഇപ്പോൾ എവിടെയാണ് ?

ജസ്‌ന എന്ന പേര്  മലയാളികൾ ഇപ്പോഴും മറന്ന് കാണില്ല . പത്തനംതിട്ട മുക്കൂട്ടുതറയിൽ നിന്നും ജസ്‌ന എന്ന 21 കാരി അപ്രത്യക്ഷമായിട്ട്  5 വർഷം ആകുന്നു .2018 മാർച്ച്‌ 22 ന് ആയിരുന്നു ആ തിരോധാനം . കേരളം മുഴുവൻ കോളിക്കകം സൃഷ്ടിച്ച ഒരു തിരോധാനം ആയിരുന്നു ജസ്‌നയുടേത്. അധികം ആരോടും മിണ്ടാത്ത പ്രകൃതക്കാരി, ബന്ധുക്കളുടെ ഇടയിലോ, സഹപാഠികളുടെ ഇടയിലോ ഒരു മോശം അഭിപ്രായം പോലും ഇല്ലാതെ ഇരുന്ന കുട്ടി. 

എന്നാൽ ഒരു ദിവസം അവൾ പെട്ടന്ന് ആ നാട്ടിൽ നിന്നും കാണാതെ പോകുകയായിരുന്നു. ജസ്‌ന എവിടേക്ക് പോയി എന്ന അന്വേഷണത്തിൽ പോലീസ് നീണ്ട അഞ്ച് വർഷത്തിന് ശേഷവും, വഴിമുട്ടി നിൽക്കുകയാണ് .  പത്തനംതിട്ടയിലെ മുക്കൂട്ടുതറ എന്ന സ്ഥലത്തെ, കൊല്ലംമുള, കുന്നത്ത് വീട്ടിൽ ജെയിംസിന്റെ മൂന്ന് മക്കളിൽ ഒരാൾ ആയിരുന്നു ജസ്‌ന മരിയ ജെയിംസ്. കാഞ്ഞരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിൽ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിനി ആയിരുന്നു അന്ന് ജസ്‌ന. പെട്ടന്ന് ഒരു ദിവസം അവൾ വീട്ടിൽ നിന്നും അപ്രത്യക്ഷം ആകുകയായിരുന്നു. 

2017 ജൂലൈ മാസത്തിൽ നടന്ന അമ്മയുടെ മരണം അവളെ തളർത്തിയിരുന്നു എന്ന് അടുപ്പക്കാർ അഭിപ്രായപ്പെടുന്നു. മാർച്ച് 22ന് ആ ദിവസം അവൾ ആന്റിയുടെ വീട്ടിലേക്കാണെന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു. അന്നായിരുന്നു വീട്ടുകാർ ജസ്‌നയെ അവസാനമായി കണ്ടിരുന്നത്. വീട്ടിൽ നിന്നും രാവിലെ 9.30 ന് ഇറങ്ങിയ ജസ്‌ന ഓട്ടോയിൽ കയറി മുക്കൂട്ടുതറയിൽ എത്തുകയും, ശേഷം ബസിൽ കയറി എരുമേലിയിൽ ഇറങ്ങുകയും ചെയ്യുന്നത് വരെ അവളെ കണ്ടവർ ഉണ്ടായിരുന്നു. പിന്നീട് അവൾ എങ്ങോട്ട് പോയി എന്നതിന് ഒരു വിവരവും ഇല്ലായിരുന്നു. 

ശേഷം അവളെ കണ്ടവരും ഇല്ല, അവളെ കുറിച്ച് അറിഞ്ഞവരും ആരുമില്ലായിരുന്നു. അധികം വൈകാതെ തന്നെ ജസ്‌ന തിരോധാനം രാഷ്ട്രീയക്കാരും, മാധ്യമ പ്രവർത്തകരുമെല്ലാം ഏറ്റെടുത്തു. തുടക്കത്തിൽ ജസ്‌നയുടെ ഒരു ആൺ സുഹൃത്തിനെ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ആ ചെറുപ്പക്കാരൻ ജസ്നയുടെ വെറുമൊരു സുഹൃത്ത് മാത്രം ആയിരുന്നു എന്ന് പിന്നീട് തെളിഞ്ഞിരുന്നു. പോലീസും, വീട്ടുകാരും എല്ലാം ആൺ സുഹൃത്തിനു നേരെ വിരൽ നീട്ടിയപ്പോൾ, മറു വശത്ത് ജസ്‌നയിലേക്കുള്ള ദുരൂഹത കൂടി വരികയായിരുന്നു. പല ഇടങ്ങളിലും വച്ചു പലരും ജസ്നയോട് രൂപ സാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടു എന്ന് അഭിപ്രായപ്പെട്ടിരിന്നു. എന്നാൽ ഇതിന് പുറകെ പോയ പോലീസിന്  ഒരു തുമ്പ് ലഭിച്ചില്ല. 

പല അനാഥ പ്രേതങ്ങളുടെ പുറകെയും ജസ്‌നയെ തേടി കേരള പോലീസ് അലഞ്ഞു . ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തിയെങ്കിലും ഒരു എത്തും പിടിയും കിട്ടിയില്ല. കേസ് കൂടുതൽ വിവാദത്തിലേക്ക് നയിച്ചതോടെ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തു അന്വേഷിക്കുകയായിരുന്നു. അന്വേഷണം സംസ്ഥാനത്തിന് പുറത്ത് വരെ സജീവമാകുവാൻ തുടങ്ങിയിരുന്നു. ബാംഗ്ലൂർ, ചെന്നെ, മുംബൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം ഊർജ്ജിതമാക്കി. എന്നാൽ ജസ്‌ന ഒരു ചോദ്യ ചിഹ്നം ആയി തന്നെ നില നിന്നു. 

ഒടുവിൽ ജസ്‌നയെ കുറിച്ച് വിവരം നല്കുന്നവർക്ക് പോലീസ് 5 ലക്ഷം രൂപ പാരിതോഷികവും ഏർപ്പെടുത്തി. ശേഷം ജസ്‌നയെ പോലെ സാമ്യമുള്ളവരെ കണ്ടു എന്ന് പറഞ്ഞു സന്ദേശ പ്രവാഹം ആയിരുന്നു. ജെസ്നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. പത്തനംതിട്ട പൊലീസ് മേധാവിയായ കെ ജി സൈമൺ വന്ന ശേഷം അന്വേഷണം വീണ്ടും ചൂടുപിടിക്കുകയും ജസ്നയെ സംബന്ധിച്ച നി‍ർണായക വിവരങ്ങൾ കിട്ടിയതായും വാ‍ർത്ത വന്നു. ജെസ്ന ജീവനോടെയുണ്ടെന്നും വാ‍ർത്തകളുണ്ടായി. എന്നാൽ ഇതേക്കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്തലോ സ്ഥിരീകരണമോ തരാതെ ഡിസംബ‍ർ 31ന് കെ ജി സൈമൺ സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു.

അതിന് ശേഷമാണ് കേസ് ഫെബ്രുവരി 2021ൽ സിബിഐക്ക് കൈമാറിയത്.  കോടതി വിധിക്ക് ശേഷം മാർച്ച് 11നാണ് കേസ് സിബിഐ ഏറ്റെടുത്തത്. എന്നാൽ ഇതിൽ ഒന്നിൽ നിന്നും ജസ്‌നയിലേക്ക് ഉള്ള ഒരു വഴി രൂപപ്പെടുത്തി എടുക്കുവാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. ജസ്നയുടെ തിരോധാനക്കേസില്‍ ഇപ്പോൾ വഴിത്തിരിവായി നിര്‍ണായക മൊഴി ലഭിച്ചിരിക്കുന്നു . മോഷണക്കേസിൽ പ്രതിയായ യുവാവിന് ജസ്നയുടെ തിരോധാനത്തില്‍ അറിവുണ്ടെന്ന് സിബിഐയ്ക്ക് മൊഴി ലഭിച്ചു . 

ഈ യുവാവിനൊപ്പം ജയിലില്‍ കഴിഞ്ഞ മറ്റൊരു പ്രതിയുടെതാണ് വെളിപ്പെടുത്തല്‍.പത്തനംതിട്ട സ്വദേശിയായ മോഷണക്കേസിലെ പ്രതി ഒളിവിലൊണെന്നാണ് കണ്ടെത്തല്‍ . ജസ്ന വിവാഹം കഴിച്ച് വിദേശത്തുണ്ടെന്ന തരത്തിലുള്ള ക്രൈംബ്രാഞ്ചിന്റെ നിഗമനങ്ങള്‍ തെറ്റാണെന്നു സിബിഐ കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് നാലു മാസങ്ങള്‍ക്ക് മുന്‍പ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് ഫോണ്‍ സന്ദേശമെത്തുന്നത് പോക്സോ കേസില്‍ പ്രതിയായ കൊല്ലം സ്വദേശിക്ക് ജസ്ന കേസിനെക്കുറിച്ച് പറയാനുണ്ടെന്നായിരുന്നു സന്ദേശം. 

സിബിഐ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി പ്രതിയുടെ മൊഴിയെടുത്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ യുവാവ് രണ്ടു വര്‍ഷം മുന്‍പ് മറ്റൊരു കേസില്‍ പ്രതിയായി കൊല്ലം ജില്ലാ ജയിലില്‍ കഴിഞ്ഞിരുന്നു. പത്തനംതിട്ട സ്വദേശിയും മോഷണക്കേസ് പ്രതിയുമായ യുവാവാണ് സെല്ലില്‍ കൂടെക്കഴിഞ്ഞിരുന്നത്. ജയിലിൽ വച്ച് ജസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിയാമെന്ന്  യുവാവ് പറഞ്ഞിരുന്നെന്നാണ് വെളിപ്പെടുത്തല്‍. പ്രതി നല്‍കിയ മേല്‍വിലാസം വഴി അന്വേഷിച്ച സിബിഐ മൂന്ന് കാര്യങ്ങള്‍ സ്ഥിരീകരിച്ചു. ഇങ്ങനെയൊരു പ്രതി കൊല്ലം ജില്ലാ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്, മൊഴി നല്‍കിയ പ്രതിക്കൊപ്പമായിരുന്നു ജയില്‍വാസം, പത്തനംതിട്ടയിലെ മേല്‍വിലാസവും ശരിയാണ്. എന്നാൽ ജയിലില്‍ നിന്നിറങ്ങിയ ശേഷം ഇയാൾ ഒളിവിലാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News