പാലക്കാട്: വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തി നഗ്ന ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ യൂട്യൂബർമാരായ ദമ്പതികൾ ഉൾപ്പെടെയുള്ള സംഘം അറസ്റ്റിൽ. കണ്ണൂര്‍ സ്വദേശി ഗോകുല്‍ ദീപ്, ഭാര്യ ദേവു, ഇരിങ്ങാലക്കുട സ്വദേശികളായ ജിഷ്ണു, അജിത്, വിനയ്, പാലാ സ്വദേശി ശരത് എന്നിവരാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുടയിലെ വ്യവസായിയെ യാക്കരയിലെ വാടക വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിലാണ് പാലക്കാട് സൗത്ത് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമത്തിൽ വിഡിയോകൾ ചെയ്ത് സജീവമായ ഗോകുല്‍ ദീപിനും ദേവുവിനും നിരവധി ആരാധകരുണ്ട്. ഇത് മുതലെടുത്താണ് പ്രതികൾ കുറ്റകൃത്യം നടത്തിയത്. ഇരിങ്ങാലക്കുടയിലെ വ്യവസായിയെ ഹണിട്രാപ്പ് സംഘം ആറ് മാസമായി നിരീക്ഷിച്ചിരുന്നു. ഇയാളെ പിന്തുടർന്ന് ഹണിട്രാപ്പിൽ കുടുങ്ങുമെന്ന് മനസ്സിലാക്കിയ ശേഷമാണ് ഫോൺ വഴി ബന്ധം സ്ഥാപിച്ചത്. തുടർന്ന് ദേവു വ്യവസായിയോട് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു. പാലക്കാട് ഉച്ചയ്ക്ക് എത്തിയ വ്യവസായിയെ പല തടസ്സങ്ങള്‍ പറഞ്ഞ് രാത്രി വരെ നഗരത്തില്‍ നിര്‍ത്തി.
പിന്നീട് ദേവു വാഹനത്തിൽ ഇയാളെ യാക്കരയിലെ വീട്ടിലെത്തിച്ചു. സംഘത്തിലെ മറ്റ് അഞ്ചു പേരും ചേർന്ന് വാടക വീട്ടിലെ മുറിയിലെത്തിച്ച് ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങൾ പകർത്തി. തുടർന്ന് ഇരിങ്ങാലക്കുടയിലെ വീട്ടിൽനിന്ന് പണവും സ്വർണവും കൈക്കലാക്കാനായി വ്യവസായിയുമായി സംഘം പുറപ്പെട്ടു. വഴിയിൽ പ്രാഥമികാവശ്യത്തിന് എന്ന മട്ടിൽ ഇറങ്ങിയ വ്യവസായി ഓടി രക്ഷപ്പെട്ട് അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് അന്വേഷണം നടത്തിയ പാലക്കാട് സൗത്ത് പോലീസ് കാലടിയിലെ ഒളിത്താവളത്തിൽ നിന്ന് ആറ് പേരെയും പിടികൂടുകയായിരുന്നു. ശരത്താണ് ഹണി ട്രാപ്പിന്റെ ബുദ്ധികേന്ദ്രമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രതികളിൽ ഒരാൾ വ്യവസായിയുടെ വീടിന്റെ മുകൾ നിലയിൽ താമസിച്ചിരുന്നു. ഈ സമയത്താണ് വ്യവസായിയുടെ നീക്കം നിരീക്ഷിച്ച് ഹണിട്രാപ്പിൽ വീഴുന്ന ആളാണെന്ന് മനസ്സിലാക്കിയത്. ഇരയെ സുരക്ഷിത ഇടത്തേക്ക് എത്തിച്ചാല്‍ 40,000 രൂപ കമ്മീഷന്‍ നൽകുമെന്ന് പറഞ്ഞിരുന്നതായാണ് ദമ്പതികളുടെ മൊഴി. വ്യവസായിയുടെ കയ്യില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണമാലയും പണവും എടിഎം കാര്‍ഡും വാഹനവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഘം നേരത്തെയും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...