Psoriasis: ചർമ്മത്തെ ബാധിക്കുന്ന സങ്കീർണമായ അസുഖം; സോറിയാസിസിന്റെ ലക്ഷണങ്ങളും രോ​ഗനിർണയവും ചികിത്സാ രീതിയും അറിയാം

Psoriasis: സോറിയാസിസ് ഏത് പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കാം. 15 നും 35 നും ഇടയിൽ പ്രായമുള്ളവരിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 17, 2022, 12:33 PM IST
  • ചർമ്മം ചുവന്നതും ചൊറിച്ചിലുള്ളതുമാക്കുന്നു
  • ഇത് ചർമ്മം അടർന്നുപോകുന്നതിനും കാരണമാകുന്നു
  • സോറിയാസിസ് ഉള്ള മിക്ക ആളുകൾക്കും കട്ടിയുള്ളതും ചുവന്നതുമായ ചർമ്മമാണ് ഉണ്ടാകുക
Psoriasis: ചർമ്മത്തെ ബാധിക്കുന്ന സങ്കീർണമായ അസുഖം; സോറിയാസിസിന്റെ ലക്ഷണങ്ങളും രോ​ഗനിർണയവും ചികിത്സാ രീതിയും അറിയാം

സോറിയാസിസ് ഒരു വിട്ടുമാറാത്ത ത്വക്ക് രോ​ഗമാണ്. ഇത് ചർമ്മം ചുവന്നതും ചൊറിച്ചിലുള്ളതുമാക്കുന്നു. ഇത് ചർമ്മം അടർന്നുപോകുന്നതിനും കാരണമാകുന്നു. സോറിയാസിസ് ഉള്ള മിക്ക ആളുകൾക്കും കട്ടിയുള്ളതും ചുവന്നതുമായ ചർമ്മമാണ് ഉണ്ടാകുക. സോറിയാസിസ് ഉണ്ടാകുന്നതിനുള്ള കൃത്യമായ കാരണങ്ങൾ അജ്ഞാതമാണ്.

എന്നിരുന്നാലും, സോറിയാസിസ് ഒരു സ്വയം രോഗപ്രതിരോധ വൈകല്യമാണെന്ന് (ശരീരത്തിന്റെ പ്രതിരോധ കോശങ്ങൾ ശരീരത്തിന്റെ സ്വന്തം ചർമ്മകോശങ്ങളെ ആക്രമിക്കാൻ തുടങ്ങുന്ന അവസ്ഥ) സൂചിപ്പിക്കുന്ന ചില കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ട്. മാത്രമല്ല, സോറിയാസിസ് ഏത് പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കാം. 15 നും 35 നും ഇടയിൽ പ്രായമുള്ളവരിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. സോറിയാസിസിന് പാരമ്പര്യമായി ഒരു പ്രവണതയുണ്ടെന്നും കണ്ടെത്തലുകളുണ്ട്. ഈ രോ​ഗം പകർച്ചാവ്യാധിയല്ല.

സോറിയാസിസിന്റെ അപകടസാധ്യത ഘടകങ്ങൾ:

ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുന്ന കാര്യങ്ങൾ സോറിയാസിസിന് കാരണമാകാം
സമ്മർദ്ദം
ബാക്ടീരിയ അല്ലെങ്കിൽ വൈറൽ അണുബാധ
വരണ്ട ചർമ്മം, പ്രത്യേകിച്ച് ശൈത്യകാലത്ത് ചർമ്മം വരണ്ടതാകുന്നത്
ചർമ്മത്തിൽ മുറിവുകൾ, പ്രാണികളുടെ കടിയേൽക്കുക, പൊള്ളലേ‍ൽക്കുക തുടങ്ങിയവ
ആന്റിമലേറിയൽ മരുന്നുകൾ, ബീറ്റാ-ബ്ലോക്കറുകൾ, ലിഥിയം തുടങ്ങിയ മരുന്നുകൾ
പുകവലി, മദ്യപാനം
സൂര്യപ്രകാശം അധികം ഏൽക്കുന്നതും തീരെ കുറവ് സൂര്യപ്രകാശമേൽക്കുന്നതും
എയ്ഡ്‌സ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് അവസ്ഥകൾ
ക്യാൻസറിനുള്ള കീമോതെറാപ്പി

രോഗലക്ഷണങ്ങൾ: സോറിയാസിസിന്റെ ഏറ്റവും സാധാരണമായ ലക്ഷണം വെള്ളി നിറത്തിലുള്ള ചെതുമ്പലുകൾ കൊണ്ട് പൊതിഞ്ഞ വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ചർമ്മമാണ്. ഈ പാച്ചുകൾ ശരീരത്തിന്റെ പല ഭാ​ഗങ്ങളിലും കാണപ്പെടും. ചർമ്മം കട്ടിയുള്ളതും പിങ്ക് കലർന്ന ചുവപ്പ് നിറമുള്ളതുമാകും. തവിട്ട് കലർന്ന മഞ്ഞ നിറത്തിലുള്ള നഖങ്ങൾ സോറിയാസിസിന്റെ ലക്ഷണങ്ങളാണ്. നഖങ്ങൾ കട്ടിയുള്ളതായി കാണപ്പെടുന്നതും അതിന്റെ ഉപരിതലത്തിൽ കുഴികളുള്ളതും രോ​ഗലക്ഷണമാണ്. ചില അവസ്ഥകളിൽ നഖം ഇളകി പോകുന്നതിനും കാരണമാകും.

തലയോട്ടിയിൽ സോറിയാസിസ് ഉണ്ടെങ്കിൽ, താരൻ പോലുള്ള ലക്ഷണങ്ങൾ ധാരാളം കാണുകയും അമിതമായ അടരുകളുണ്ടാകുകയും ചെയ്യും. സോറിയാസിസ് സന്ധികളെ ബാധിക്കുകയാണെങ്കിൽ, നിങ്ങൾക്ക് കഠിനമായ വേദന അനുഭവപ്പെടാം. ഇത് സോറിയാറ്റിക് ആർത്രൈറ്റിസ് എന്നും അറിയപ്പെടുന്നു. ജനനേന്ദ്രിയ ഭാഗങ്ങളെ ബാധിക്കുന്ന സാഹചര്യങ്ങളിൽ, സാധാരണയായി കാണപ്പെടുന്ന ഒരു ലക്ഷണം ജനനേന്ദ്രിയ വ്രണങ്ങളാണ്.

രോഗനിർണയം: പ്രധാനമായും നിങ്ങളുടെ ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് സോറിയാസിസ് രോഗനിർണയം നടത്തുന്നത്. ചില സന്ദർഭങ്ങളിൽ, ചർമ്മത്തിന്റെ ബയോപ്സി നടത്താൻ ഡോക്ടർ നിർദേശിച്ചേക്കാം. സോറിയാസിസ് സന്ധികളെ ബാധിച്ചാൽ, എക്സ്-റേകൾ എടുക്കേണ്ടത് ആവശ്യമായി വന്നേക്കാം. കൂടാതെ, നിങ്ങളുടെ സ്വയം രോഗപ്രതിരോധ നില പരിശോധിക്കാൻ രക്തപരിശോധനകൾ നടത്താം.

ചികിത്സ: നിർഭാഗ്യവശാൽ സോറിയാസിസ് പൂർണമായും ഭേദമാക്കാൻ കഴിയില്ല. എന്നാൽ ഇതിന്റെ രോ​ഗാവസ്ഥകൾ ഒരുപരിധിവരെ കുറയ്ക്കാൻ സാധിക്കും. അതിനാൽ രോഗലക്ഷണങ്ങൾ നിയന്ത്രിക്കുകയും അവയുടെ ആവർത്തനവും അണുബാധയും നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് ചികിത്സയുടെ ലക്ഷ്യം.

ചികിത്സയ്ക്കൊപ്പം തന്നെ സോറിയാസിസ് കൈകാര്യം ചെയ്യുന്നതിൽ സ്വയം മാനേജ്മെന്റ് ഒരു വലിയ ഭാഗമാണ്. സോറിയാസിസിന്റെ വ്യാപനം കുറയ്ക്കാൻ ഇളം ചൂടുവെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് കുളിക്കുക. അധികം ചൂടുള്ള വെള്ളത്തിൽ കുളിക്കരുത്, ഇത് രോ​ഗാവസ്ഥ കൂടുതൽ വഷളാക്കും. കുളിച്ചതിന് ശേഷം മൃദുവായതും സുഗന്ധമില്ലാത്തതുമായ മോയ്സ്ചറൈസർ പ്രയോഗിക്കുക. ഒലിവ് ഓയിൽ പോലുള്ള പ്രകൃതിദത്ത ചേരുവകൾ മോയ്സ്ചറൈസറായി ഉപയോഗിക്കുന്നത് നല്ലതാണ്. നന്നായി ഇണങ്ങിയ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. കാരണം ഇത് നിങ്ങളുടെ ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കും.

വരൾച്ച തടയാൻ ശൈത്യകാലത്ത് ചർമ്മം നന്നായി മൂടുന്ന വിധത്തിൽ വസ്ത്രം ധരിക്കുക. നിങ്ങൾക്ക് സോറിയാസിസ് ഉണ്ടായാൽ പരിക്കേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം സോറിയാസിസ് ഉള്ളവരിൽ മുറിവുകൾ പെട്ടെന്ന് ഉണങ്ങില്ല. സ്ക്രാച്ചിംഗ് ഒഴിവാക്കാൻ നിങ്ങളുടെ നഖങ്ങൾ പതിവായി ട്രിം ചെയ്യുക. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക. ആരോഗ്യകരമായ ഭാരം നിലനിർത്താൻ ശ്രമിക്കുക. വ്യായാമം ചെയ്യുന്നത് ശീലമാക്കുക. എന്നാൽ, നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള വ്യായാമം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. ചുവന്ന മാംസം ഒഴിവാക്കുക, കാരണം ഇത് ചർമ്മത്തിൽ വീക്കം ഉണ്ടാകുന്നതിന് കാരണമാകും.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News