നിറങ്ങളുടെ ഉത്സവം അടുത്തെത്തിക്കഴിഞ്ഞു. ഉത്തരേന്ത്യയില്‍ ഹോളി എന്നത് വര്‍ണ്ണങ്ങളുടെ മാത്രമല്ല, പലഹാരങ്ങളുടെയും കൂടി ഉത്സവമാണ്.
രുചിമുകുളങ്ങളില്‍ ടൈറ്റാനിക്ക് ഓടിച്ചു കളിക്കാനുള്ളത്രയും വെള്ളം വരും വായില്‍ ഹോളിയുടെ രുചിഭേദങ്ങള്‍ കണ്ടാല്‍. ഗുജിയ, തണ്ടായ്, ലവാങ്ങ് ലതിക, ഖോയ ബര്‍ഫി തുടങ്ങി അനവധി ഹോളി പലഹാരങ്ങള്‍.
ഖോയ ഉള്ളില്‍ സ്റ്റഫ് ചെയ്ത് ഉണ്ടാക്കുന്ന പലഹാരമാണ് ഗുജിയ. മഞ്ഞനിറം കൂട്ടാനായി ചിലപ്പോള്‍ കുങ്കുമപ്പൂവും ഉപയോഗിക്കാറുണ്ട്. എന്നാല്‍ കുങ്കുമപ്പൂ ഗുജിയ എന്ന് കേട്ടാല്‍ ഉടനെത്തന്നെ ഓടിപ്പോയി വാങ്ങിക്കണ്ട. വിശ്വസനീയമായ ഔട്ട്‌ലറ്റുകളില്‍ നിന്ന് മാത്രം ഇവ വാങ്ങിക്കാന്‍ ശ്രദ്ധിക്കണം. വില കൂടുതലായതിനാല്‍ കുങ്കുമപ്പൂ എന്ന് പറഞ്ഞു ചേര്‍ക്കുന്നത് ഡ്യൂപ്ലിക്കേറ്റ് സാധനങ്ങള്‍ ആവാന്‍ സാദ്ധ്യതയുണ്ട്. ഇത് കഴിച്ചാല്‍ വയറിനു പണിയും കിട്ടും.
ബ്രാന്‍ഡഡ് ഭക്ഷണ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കുമ്പോള്‍ ബാച്ച് നമ്പര്‍, നിര്‍മ്മാണത്തീയതി, എക്സ്പയറി ഡേറ്റ്, ഫുഡ് ലൈസന്‍സ് നമ്പര്‍ എന്നിവയും ഐ എസ് ഐ, അഗ്മാര്‍ക്ക് തുടങ്ങിയ മുദ്രകളും ശ്രദ്ധിക്കണം. കൂടാതെ പാക്ക് പൊട്ടിയിട്ടില്ല എന്നും ഉറപ്പു വരുത്തണം.
സാധാരണയായി മധുര പലഹാരങ്ങളില്‍ ഉപയോഗിക്കുന്ന പനീര്‍, ഖോയ, പാല്‍ മുതലായ വസ്തുക്കള്‍ പെട്ടെന്നു തന്നെ കേടാവുന്നവയാണ്. പലഹാരങ്ങള്‍ കുറച്ചു കൂടി ഭംഗിയായി കാണിക്കാന്‍ ഇവയോടൊപ്പം സ്റ്റാര്‍ച്ച് കൂടി ചിലപ്പോള്‍ ചേര്‍ക്കാറുണ്ട്. ഇങ്ങനെ മായം ചേര്‍ത്തിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ ഒരു വിദ്യയുണ്ട്. ഖോയയുടെ ചെറിയ ഒരു കഷ്ണം എടുക്കുക. ഇതില്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് ചൂടാക്കുക. തണുത്ത ശേഷം രണ്ടു തുള്ളി അയഡിന്‍ ഇതിലേയ്ക്ക് ചേര്‍ക്കുക. നീല നിറം പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ ഉറപ്പിച്ചോളൂ, സ്റ്റാര്‍ച്ച് ചേര്‍ത്തിട്ടുണ്ട്.
ഹോളിക്ക് ധാരാളമായി ലഭിക്കുന്ന ഒരു വേനല്‍ക്കാല പാനീയമാണ് തണ്ടായ്. ഫുള്‍ ഫാറ്റ് മില്‍ക്ക്, മസാലക്കൂട്ടുകള്‍, നട്സ് തുടങ്ങിയവയുടെ ഒരു പെര്‍ഫെക്റ്റ് മിക്സപ്പ്! ഹോളിയുടെ സമയത്ത് ലഹരിക്കായി ഇതില്‍ അല്‍പ്പം ഭാംഗ് കൂടി ചേര്‍ക്കും. ഇതിലൂടെയും ഭക്ഷ്യ വിഷബാധ ഏല്‍ക്കാന്‍ സാദ്ധ്യതയുണ്ട്.
കൃത്രിമ നിറങ്ങളും രുചികളും ചേര്‍ത്താണ് ഇത്തരം പാനീയങ്ങള്‍ തയ്യാറാക്കുന്നത്. ഇവ ചേര്‍ക്കരുതെന്ന് ഭക്ഷ്യസുരക്ഷാനിയമപ്രകാരം കര്‍ശന നിര്‍ദ്ദേശമുണ്ടെങ്കിലും പ്രാദേശികമായി ഇത്തരം പാനീയങ്ങള്‍ തയ്യാറാക്കുന്നവര്‍ ഇത്തരം നിയമങ്ങള്‍ ഒന്നും തന്നെ പാലിക്കാറില്ല. അതുകൊണ്ട് ഇത്തരം പാനീയങ്ങള്‍ രുചിക്കണം എന്നുണ്ടെങ്കില്‍ വിശ്വസനീയമായ കേന്ദ്രങ്ങളില്‍ അടച്ചു സൂക്ഷിച്ചിരിക്കുന്ന കുപ്പികളില്‍ ഉള്ളത് മാത്രം വാങ്ങിക്കാന്‍ ശ്രദ്ധിക്കണം.
സാദാ ഷോപ്പുകളില്‍ ഹോളിക്ക് ലഭിക്കുന്ന മധുര പലഹാരങ്ങളില്‍ മിക്കതിലും ഗുണമേന്മ വളരെ കുറവായിരിക്കും. ഉല്‍പ്പന്നത്തിന്‍റെ അളവു കൂട്ടുകയും നിര്‍മ്മാണച്ചെലവ് കുറയ്ക്കുകയുമാണ് ഇത്തരം കച്ചവടക്കാര്‍ പ്രധാനമായും ലക്‌ഷ്യം വയ്ക്കുന്നത്. ചില്ലുകൂടുകള്‍ക്കുള്ളില്‍ കാണുമ്പോള്‍ കൂടുതല്‍ ഭംഗി തോന്നിക്കാനും ഇവയില്‍ നിരോധിക്കപ്പെട്ട രാസ പദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നുണ്ട്.
നിറം, മണം തുടങ്ങിയവ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി രാസവസ്തുക്കള്‍ ചേര്‍ക്കുന്തോറും ഗുണം കുറയുന്നു. ഇത്തരം പലഹാരങ്ങള്‍ക്ക് നേരിയ ചവര്‍പ്പ് സ്വാദും ഗന്ധവ്യത്യാസവും കാണും. അതുകൊണ്ടുതന്നെ വിശ്വസിക്കാന്‍ കൊള്ളാവുന്ന കടകളില്‍ നിന്ന് മാത്രം ഇവ വാങ്ങിക്കുക.
ഭൂരിപക്ഷം ആളുകളും ഭക്ഷണത്തില്‍ ഇത്തരം മായങ്ങള്‍ കലര്‍ത്തുന്നതിനെ പറ്റി ബോധവാന്മാരല്ല എന്നതാണ് സത്യം. പ്രത്യേകിച്ച് ഉത്സവ സമയമാവുമ്പോള്‍ അങ്ങ് പോട്ടെന്നു വയ്ക്കുന്നതാണ് പതിവ്. ഇതൊക്കെ വല്ലപ്പോഴുമല്ലേ എന്നൊക്കെയാവും ചിന്ത. എന്നാല്‍ ഒരിക്കല്‍ പോലും ഉള്ളിലെത്തി കഴിഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ ആരോഗ്യത്തെ ബാധിക്കാവുന്ന രോഗങ്ങള്‍ ഇതുമൂലം ഉണ്ടാവുമെന്ന് ആരും ഓര്‍ക്കാറില്ല. 2006 ലെ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം തെറ്റായി ബ്രാന്‍ഡ് കാണിക്കല്‍, കാലാവധി കഴിഞ്ഞതോ ഗുണമേന്മയില്ലാത്തതോ ആയ ഭക്ഷണം ഉപയോഗിക്കല്‍, ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കള്‍ പലഹാരങ്ങളില്‍ ഉപയോഗിക്കുക തുടങ്ങിയവ ശിക്ഷാര്‍ഹമായ കുറ്റമാണ്.
സുരക്ഷിതമല്ലാത്ത ഭക്ഷണ പദാര്‍ഥങ്ങള്‍ വില്‍ക്കുന്ന കടകളുടെ ഉടമകള്‍ക്ക് പത്തു ലക്ഷം രൂപ വരെ പിഴയും ജീവപര്യന്തം തടവും ലഭിക്കാനുള്ള വകുപ്പുകള്‍ നിലവിലുണ്ട്.