ന്യൂഡല്‍ഹി: ഡാനിഷ് വനിതയെ കൂട്ടബലാൽസംഗം ചെയ്ത കേസില്‍ അഞ്ചുപേര്‍ക്ക് ജീവ പര്യന്തം തടവുശിക്ഷ വിധിച്ചു. പ്രതികളായ ഗന്‍ജ എന്ന മഹേന്ദ്ര, മുഹമ്മദ് രാജ, രാജു, അര്‍ജുന്‍, രാജു ചക്ക എന്നിവര്‍ക്ക് ഡല്‍ഹി തീസ് ഹസാരി കോടതിയാണ് തടവ് വിധിച്ചത്‍. എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് ഡല്‍ഹി കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ആറാംപ്രതിയായ ശ്യാം ലാല്‍ വിചാരണക്കിടെ കഴിഞ്ഞ ഫെബ്രുവരിയില്‍ മരിച്ചിരുന്നു.
മാനഭംഗം, മോഷണം, കൊലപാതകം ലക്ഷ്യമിട്ടുള്ള ആക്രമണം എന്നീ കുറ്റങ്ങളാണു പ്രതികൾക്കു മേൽ ചുമത്തിയിരുന്നത്. 2014 ജനുവരി 14 നാണ് സംഭവം നടന്നത്. താജ്മഹല്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന 54 കാരിയായ വനിതയെ ഡെൻമാർക്ക് സ്വദേശിനിയായ യുവതിയെ ഡല്‍ഹി റെയിൽവേ സ്‌റ്റേഷനിലെ ഡിവിഷണൽ റെയിൽവേ ഓഫീസേഴ്‌സ് ക്ലബിനു സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവതിയുടെ സാധനങ്ങള്‍ സംഘം കവര്‍ന്നെടുക്കുകയും ചെയ്തിരുന്നു.