ബംഗ്ലാദേശില്‍ കെമിക്കല്‍ ഗോഡൗണില്‍ തീപിടുത്തം; മരണം 70 കവിഞ്ഞു

ബുധനാഴ്ച രാത്രിയോടെയാണ് കെട്ടിടത്തിന് തീ പിടിച്ചത്. ഇത് പിന്നീട് മറ്റ് കെട്ടിടങ്ങളിലേക്ക് പടരുകയായിരുന്നു.   

Last Updated : Feb 21, 2019, 12:01 PM IST
ബംഗ്ലാദേശില്‍ കെമിക്കല്‍ ഗോഡൗണില്‍ തീപിടുത്തം; മരണം 70 കവിഞ്ഞു

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ കെമിക്കല്‍ ഗോഡൗണായി ഉപയോഗിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 70 പേര്‍ മരിച്ചു. 50ലേറെ പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ധാക്കയിലെ ചൗക്ക് ബസാറിലാണ് സംഭവം. 

ബുധനാഴ്ച രാത്രിയോടെയാണ് കെട്ടിടത്തിന് തീ പിടിച്ചത്. ഇത് പിന്നീട് മറ്റ് കെട്ടിടങ്ങളിലേക്ക് പടരുകയായിരുന്നു. കെട്ടിടങ്ങളുടെ താഴത്തെ നിലയയില്‍ കടകളും, ഹോട്ടലുകളും, കെമിക്കല്‍-പ്ലാസ്റ്റിക് സംഭരണ ശാലകളും ഉണ്ടായിരുന്നു. 

അഞ്ച് കെട്ടിടങ്ങള്‍ അഗ്‌നിക്കിരയായി. ഒരേ സമയം ജനവാസ കേന്ദ്രവും വാണിജ്യ കേന്ദ്രവുമായ ചൗക്ക് ബസാറില്‍ കെട്ടിടങ്ങള്‍ തമ്മില്‍ നേരിയ അന്തരം മാത്രമാണുള്ളത്. ഇത് തീ മറ്റ് കെട്ടിടങ്ങളിലേക്ക് കൂടി പടരാനിടയാക്കി. കെട്ടിടങ്ങള്‍ക്കകത്തു സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ ഒന്നിനു പുറകെ മറ്റൊന്നായി പൊട്ടിത്തെറിച്ചതായി ദൃക്‌സാക്ഷികളില്‍ ചിലര്‍ പറയുന്നു.

ഗ്യാസ് സിലിണ്ടറില്‍ നിന്നാകാം തീ പടര്‍ന്നതെന്നാണ് കരുതുന്നത്. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം ആയതിനാല്‍ തീ വേഗത്തില്‍ പടര്‍ന്നു പിടിച്ചു. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന നാല് കെട്ടിടങ്ങളും നിമിഷനേരം കൊണ്ടാണ് തീ വിഴുങ്ങിയത്. ചെറു ധാന്യങ്ങളും ബോഡി സ്‌പ്രേയും സൂക്ഷിച്ചിരുന്ന കെട്ടിടവും കത്തി നശിച്ചു.

പ്രദേശത്ത് ട്രാഫിക് ബ്ലോക്ക് ഉണ്ടായതും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. 2010 ല്‍ ധാക്കയില്‍ കെമിക്കല്‍ ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ 120 പേര്‍ മരിച്ചിരുന്നു. 

ഗോഡൗണിന് സമീപത്തുള്ള ഒരു കെട്ടിടത്തില്‍ വിവാഹ പാര്‍ട്ടി നടന്നിരുന്നു. ഇവിടെ പാര്‍ട്ടിയ്ക്ക് എത്തിയവര്‍ക്കും തീപിടുത്തത്തില്‍ പൊള്ളലേറ്റു. തീപിടുത്തത്തെ തുടര്‍ന്ന് ഗതാഗത കുരുക്ക് ഉണ്ടായതിനാല്‍ ആളുകള്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ലെന്നും അധികൃതര്‍ പറഞ്ഞു. 

നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് ബംഗ്ലാദേശ് അഗ്‌നിശമന സേനാ വിഭാഗം അറിയിച്ചു.

Trending News