New Delhi: പ്രധാനമന്ത്രി മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന പരാതി ഒടുവില്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധയിൽപ്പെട്ടു... !!
പ്രധാനമന്ത്രി മോദിക്കും രാഹുൽ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. ഏപ്രിൽ 29 ന് രാവിലെ 11 മണിക്കകം മറുപടി നൽകാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരുവരോടും ആവശ്യപ്പെട്ടിരിയ്ക്കുന്നത്. വ്യാഴാഴ്ചയാണ് ഇരുവര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മാതൃകാ പെരുമാറ്റച്ചട്ടം (MCC) ലംഘിച്ചുവെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നല്‍കിയത്. നേതാക്കള്‍ മതത്തിന്‍റേയോ ജാതിയുടെയും സമുദായത്തിന്‍റേയും ഭാഷയുടെയും അടിസ്ഥാനത്തിൽ സമൂഹത്തില്‍ വിദ്വേഷവും വിഭജനവും സൃഷ്ടിക്കുന്നുവെന്ന് ബിജെപിയും കോൺഗ്രസും പരസ്പരം ആരോപിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി മോദി രാജസ്ഥാനിലെ ബൻസ്‌വാരയിൽ തിരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ മുസ്ലീങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശം ഇപ്പോള്‍ വന്‍ വിവാദമായി മാറിയിരിയ്ക്കുകയാണ്. രാജ്യത്തിന്‍റെ സമ്പത്ത് കോണ്‍ഗ്രസ് പാര്‍ട്ടി നുഴഞ്ഞുകയറ്റക്കാർക്ക് (മുസ്ലീങ്ങള്‍ക്ക്) വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. 2006 ഡിസംബറിൽ കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക മുൻഗണനകളെക്കുറിച്ചുള്ള ദേശീയ വികസന കൗൺസിലിന്‍റെ യോഗത്തിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് നടത്തിയ അഭിപ്രായത്തെ പരാമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞത്.
എന്നാല്‍, പിന്നീട് നടന്ന കോണ്‍ഗ്രസ്, ബിജെപി റാലികളില്‍ ഈ വിഷയം കൊടുങ്കാറ്റായി മാറുകയായിരുന്നു. ഇരു പാര്‍ട്ടികളുടെയും പ്രമുഖ നേതാക്കള്‍ വിഷയം ഏറ്റെടുത്തതോടെ ദേശീയ പാര്‍ട്ടികള്‍ സാമുദായിക ധ്രുവീകരണം നടത്തുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നു.
ഇതേത്തുടര്‍ന്ന് ഈ വിഷയത്തില്‍ പരാതിയുമായി നിരവധി പേര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ദിവസങ്ങള്‍ നീണ്ട നിശബ്ദതയ്ക്ക് ശേഷം ഒടുവില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയത്തില്‍ നടപടി സ്വീകരിച്ചിരിയ്ക്കുകയാണ്.....
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിനുള്ള പ്രചാരണം ബുധനാഴ്ച അവസാനിച്ചിരിയ്ക്കുകയാണ് . വോട്ടെടുപ്പ് വെള്ളിയാഴ്ച നടക്കും. രാഹുല്‍ ഗാന്ധി, ശശി തരൂര്‍, ഹേമമാലിനി അടക്കം നിരവധി പ്രമുഖര്‍ ജനവിധി തേടുന്നതാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്.
ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ചില സംസ്ഥാനങ്ങളില്‍ തണുപ്പന്‍ പ്രതികരണമാണ് ഉണ്ടായത് എങ്കില്‍ ചില സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ ആവേശത്തോടെ വോട്ട് രേഖപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. ഒന്നാംഘട്ടത്തില്‍ ഏറെ ശ്രദ്ധേയമായത് തമിഴ് നാട്ടില്‍ നിന്നുള്ള വോട്ടര്‍മാരുടെ പ്രതികരണമാണ്. 69.72% പേര്‍ തമിഴ്‌നാട്ടില്‍നിന്നും വോട്ട് രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.