ബീഹാര്‍: ഷാഹീന്‍ബാഗില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗം നടത്തിയതിനെത്തുടര്‍ന്ന് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട CAA വിരുദ്ധ പ്രവർത്തകനും JNU വിദ്യാർത്ഥിയുമായ ഷർജീൽ ഇമാ൦ പോലീസില്‍ കീഴടങ്ങി.
ബീഹാറിലെ ജഹാനാബാദിൽ നിന്നാണ് ഇയാളെ ഡല്‍ഹി പോലീസ്, ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഷർജീൽ ഇമാമിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസ് ഇയാളുടെ പൈതൃക ഗ്രാമമായ ജഹാനാബാദിൽ നിരന്തരം തിരച്ചില്‍ തുടരുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ ഇളയ സഹോദരനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ ചില ബന്ധുക്കളെ കഴിഞ്ഞ ദിവസം ബീഹാര്‍ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു.
ഷർജീൽ ഇമാമിന്‍റെ പേരില്‍ 5 സംസ്ഥാനങ്ങളിലാണ് കേസുള്ളത്. ഡല്‍ഹി, അസം, ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നിവിടങ്ങളിലാണ് ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രാജ്യദ്രോഹ൦, കലാപത്തിന് പ്രേരണ നല്‍കിയെന്നുള്ള കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്.
ഇമാം നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ ജനുവരി 25ന് ബിജെപി പുറത്തുവിട്ടിരുന്നു. മുസ്ലീങ്ങള്‍ ഒന്നിക്കണമെന്നും കൂടാതെ, അസമിനെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് വേര്‍പെടുത്തണമെന്നും ഷാഹീന്‍ബാഗില്‍ ഒരു ചെറിയ ജനക്കൂട്ടത്തോട് പറയുന്നതായി വീഡിയോയില്‍ കേള്‍ക്കാം. അലിഗഡ് മുസ്ലിം സർവകലാശാലയിൽ കഴിഞ്ഞ 16നായിരുന്നു ഷർജീൽ പ്രസംഗിച്ചത്.
രാജ്യവിരുദ്ധമായതൊന്നും ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. ആരോപണങ്ങള്‍, അറസ്റ്റ് തുടങ്ങിയ കാര്യങ്ങള്‍ ഇനി കോടതി തീരുമാനിക്കും, വിഷയത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതികരിച്ചു.
അതേസമയം, കോടതിയിലും അല്ലാഹുവിലും വിശ്വാസം പ്രകടിപ്പിച്ച ഷർജീലിന്‍റെ അമ്മ, മകന്‍റെ പ്രസ്താവന വളച്ചൊടിച്ചതായും കുടുംബത്തെ ഉപദ്രവിക്കുന്നതായും ആരോപിച്ചു.