ജമ്മു കശ്മീര്‍ ഭീകരാക്രമണം: രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

  

Last Updated : Feb 10, 2018, 12:33 PM IST
 ജമ്മു കശ്മീര്‍ ഭീകരാക്രമണം:  രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സൈനിക ക്യാമ്പില്‍ നടന്ന ഭീകരാക്രമണത്തില്‍  മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. സുഞ്ച്‌വാന്‍ സൈനിക ക്യാമ്പിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. പ്രദേശവാസിയടക്കം നാലു പേർക്ക് പരിക്കേറ്റു. 

ഇന്നു പുലർച്ചെയാണ് സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണമുണ്ടായത്. ക്യാമ്പിലെ കുടുംബ ക്വാർട്ടേഴ്സിലേക്കു കടന്ന ഭീകരർ സൈനികർക്കും വീട്ടുകാർക്കും നേരെ വെടിവയ്ക്കുകയായിരുന്നു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

ജയ്ഷെ മുഹമ്മദിന്‍റെ അഞ്ചോളം ഭീകരർ ഇന്നലെ രാത്രി സൈനിക ക്യാമ്പിലേക്ക് നുഴഞ്ഞുകയറുകയായിരുന്നുവെന്നാണു വിവരം. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഭീകരർ ക്യാംപിലെ ക്വാട്ടേഴ്സിലേക്കു കടന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.

2013ൽ അഫ്സൽ ഗുരുവിന്‍റെ വധശിക്ഷ നടപ്പാക്കിയതിന്‍റെ വാർഷിക ദിനമായിരുന്നു വെള്ളിയാഴ്ച. ഇതുമായി ബന്ധപ്പെട്ടായിരിക്കാം ആക്രമണമെന്നാണു നിഗമനം. നിരവധി സ്കൂളുകളും ക്വാര്‍ട്ടേഴ്സുകളും പ്രവര്‍ത്തിക്കുന്ന സൈനിക ക്യാംപാണിത്. പത്തുവര്‍ഷം മുൻപ് ഇവിടെയുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Trending News