ഇന്ത്യയുടെ സുപ്രധാന ചരിത്രരേഖയായി കണക്കാക്കപ്പെടുന്ന ഭരണഘടനയുടെ ഒന്നാം പതിപ്പ് ലേലം ചെയ്തു. 48 ലക്ഷം രൂപയ്ക്കാണ് ആദ്യ പതിപ്പ് വിറ്റുപോയത്. പ്രമുഖ അന്താരാഷ്ട്ര ലേല സ്ഥാപനമായ സഫ്‌റോണ്‍ ആര്‍ട്ടാണ് ഈ ഓണ്‍ലൈന്‍ ലേലം സംഘടിപ്പിച്ചത്. ഇന്ത്യന്‍ ചരിത്രത്തിലും കലയിലും സാഹിത്യത്തിലും അതിപ്രാധാന്യമുള്ള അപൂര്‍വ്വ ശേഖരങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെടുത്തിയത്. ജൂലൈ 24 മുതല്‍ 26 വരെയായിരുന്നു ലേലം നടത്തപ്പെട്ടത്.
ഇന്ത്യൻ പൈതൃകത്തിന്റെ ഡോക്യുമെന്റേഷൻ എന്ന നിലയിൽ ഇവയ്ക്ക് ചരിത്രപരമായ മൂല്യം ഉണ്ടെന്നും സ്വതന്ത്ര ഇന്ത്യയുടെ അടയാളപ്പെടുത്തൽ എന്ന നിലയിൽ ഇതിന് വൈകാരിക പ്രാധാന്യമുണ്ടെന്നും സഫ്റോണിന്റെ സഹസ്ഥാപക മിനൽ വസിറാനി പറഞ്ഞു.
ആയിരം കോപ്പികളില്‍ ഒന്നായ ഈ അപൂര്‍വ്വ പുസ്തകം ഡെറാഡൂണിലെ സര്‍വേ ഓഫ് ഇന്ത്യയുടെ ഓഫീസിൽ നിര്‍മ്മിച്ച് 1950ല്‍ കേന്ദ്ര സർക്കാരാണ് പ്രസിദ്ധീകരിച്ചത്. ബിആര്‍ അംബേദ്ക്കര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്ര നിര്‍മ്മാതാക്കളുടെ അച്ചടിച്ച ഒപ്പുകളും പ്രേം ബിഹാരി നരേന്‍ റൈസാദയുടെ കാലിഗ്രഫിയും പ്രമുഖ കലാകാരന്‍ നന്ദലാല്‍ ബോസിന്റെ ചിത്രീകരണവും ഇതിൽ ഉള്‍പ്പെടുന്നു.
അംബേദ്ക്കര്‍ തയ്യാറാക്കിയ ഭരണഘടനയുടെ ബ്ലൂപ്രിന്റില്‍ 1946 ലെ ഭരണഘടന അസംബ്ലിയിലെ 284 അംഗങ്ങളുടെ ഒപ്പുകൾ ഉണ്ട്. എഴുത്തുകാരി കമല ചൗധരിയുടെ ഹിന്ദി ഒപ്പ്, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഇംഗ്ലീഷ് ഒപ്പ് തുടങ്ങിയവ ഇതിൽ ചിലത് മാത്രം.
പ്രത്യേക ഹീലിയം നിറച്ച കെയ്‌സിൽ പാര്‍ലമെന്റിന്റെ ലൈബ്രറിയിലാണ് ഇതിന്റെ ബ്ലുപ്രിന്റ് സൂക്ഷിച്ചിരുന്നത്.
ആറു മാസം കൊണ്ടാണ് കാലിഗ്രാഫിസ്റ്റ് റൈസാദ, രാജ്യഭരണവുമായി ബന്ധപ്പെട്ട കോഡുകള്‍ ഭരണഘടനയിൽ എഴുതിച്ചേർത്തത്. മെൽബൺ ലോൺ പേപ്പർ ഷീറ്റുകളായിരുന്നു ഇതിന് ഉപയോഗിച്ചത്. 1949 നവംബർ മുതൽ 1950 ഏപ്രിൽ വരെ നീണ്ടു നിന്ന പരിശ്രമത്തിൽ നാലായിരം രൂപയായിരുന്നു പ്രതിഫലമായി അദ്ദേഹത്തിന് ലഭിച്ചത്. പിന്നീട് എല്ലാ പേജുകളുടെയും അരികുകളിൽ യഥാര്‍ത്ഥ സ്വര്‍ണ സ്പ്രേയും ബോർഡറുകളിൽ ചിത്രീകരണവും ഉൾപ്പെടുത്തണമെന്ന ആവശ്യം നെഹ്റു പങ്കു വച്ചു. തുടർന്ന് നന്ദലാൽ ബോസും ശാന്തിനികേതന്റെ കലാഭവനിലെ കാലാകാരന്മാരും ചേർന്ന് ഷീറ്റുകളിൽ അലങ്കാര പണികൾ ചെയ്തു.
ഇന്ത്യയുടെ വിവിധ കാലഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന വിധത്തിൽ 22 ചിത്രീകരണങ്ങളാണ് നന്ദലാൽ വരച്ചു ചേർത്തത്. ഇവ ഓരോന്നും ഭരണഘടനയുടെ ഓരോ ഭാഗത്തിന്റെയും തുടക്കത്തിൽ കാണപ്പെടുന്നു. നാല് വർഷം കൊണ്ടുള്ള ഈ ചരിത്ര കല സമന്വയത്തിന് 21000 രൂപയായിരുന്നു ബോസിന്റെ പ്രതിഫലം.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy