ന്യൂഡല്‍ഹി: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് സെപ്റ്റംബർ 30 വരെ നീട്ടി.
അന്താരാഷ്ട്ര ഓള്‍-കാര്‍ഗോ ഓപ്പറേഷനുകള്‍ക്കും പ്രത്യേക അംഗീകാരമുള്ള വിമാനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമല്ലെന്ന് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ ചില തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ സര്‍വീസുകള്‍ പുനരാരംഭിച്ചേക്കുമെന്നും വ്യോമയാന മന്ത്രാലയം സൂചന നല്‍കി.
തിങ്കളാഴ്ചയാണ് ഡി.ജി.സി.എ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ലോകമെമ്പാടുമുള്ള കോവിഡ് പ്രതിസന്ധി വിലയിരുത്തി മാത്രമേ ഫ്ലൈറ്റുകള്‍ക്കുള്ള നിരോധനം സമ്പൂര്‍ണ്ണമായി നീക്കാനാകൂ എന്ന് ഡി.ജി.സി.എ മേധാവി അനില്‍ കുമാര്‍ വ്യക്തമാക്കി.
കോവിഡ് വ്യാപനം മൂലം മാര്‍ച്ച് 25നാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. തുടര്‍ന്ന് നിരവധി തവണകളായി രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് നീട്ടുകയായിരുന്നു. നിലവില്‍ കഴിഞ്ഞ അഞ്ചുമാസമായി രാജ്യാന്തര വിമാന കമ്പനികള്‍ സര്‍വീസ് നടത്തുന്നില്ല.
വന്ദേഭാരത് ഉള്‍പ്പെടെ പ്രത്യേക സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. മെയ് 6 നാണ് വന്ദേഭാരത് ദൗത്യം ആരംഭിച്ചത്. വിദേശത്ത് കുടുങ്ങി കിടക്കുന്നവരെ നാട്ടില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് വന്ദേഭാരത് ദൗത്യം പ്രഖ്യാപിച്ചത്.
അതേസമയം, കോവിഡ് വ്യാപനം മൂലം ലോകമെങ്ങും ഏവിയേഷന്‍ മേഖലയ്ക്കുണ്ടായ കനത്ത നഷ്ടം തുടരുകയാണ്. പ്രതിസന്ധി മൂലം രാജ്യത്തും വിദേശ രാജ്യങ്ങളിലും എല്ലാം സ്വകാര്യ എയര്‍ലൈനുകള്‍ ഉള്‍പ്പെടെ കടുത്ത പ്രതിസന്ധി നേരിടുകയാണ്.
ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അസോസിയേഷന്‍ 3,000 കോടി ഡോളര്‍ നഷ്ടമാണ് ഈ വര്‍ഷം മാത്രം ആഗോള ഏവിയേഷന്‍ മേഖലയില്‍ കണക്കാക്കുന്നത്. ആഭ്യന്തര, രാജ്യാന്തര ഫ്ലൈറ്റുകള്‍ റദ്ദു ചെയ്തതു മൂലം കനത്ത നഷ്ടമാണ് മിക്ക എയര്‍ലൈന്‍ കമ്പനികള്‍ക്കുമുള്ളത്. കൊറോണയ്ക്ക് ശേഷം സാമൂഹ്യ അകലം പാലിച്ചു കൊണ്ടുള്ള ഫ്ലൈറ്റുകളുടെ പ്രവര്‍ത്തനവും കമ്പനികള്‍ക്ക് ലാഭകരമല്ല.