കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 3 മണ്ഡലങ്ങളിലും വിജയം തൃണമൂൽ കോണ്‍ഗ്രസ് വിജയം നേടി. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയായിരുന്നു തൃണമൂൽ സ്ഥാനാര്‍ഥികളുടെ മുന്നേറ്റം.
ചരിത്രത്തിലാദ്യമായാണ് ബംഗാളിലെ ഖരഗ്പുര്‍ സദര്‍ നിയമസഭാ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയം നേടുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലിപ് ഘോഷ് കഴിഞ്ഞതവണ 25,224 വോട്ടിനു വിജയിച്ച മണ്ഡലമാണ് തൃണമൂലിന്‍റെ പ്രദീപ് സര്‍ക്കാര്‍ 20,811 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്തത്. കോണ്‍ഗ്രസിന്‍റെ കോട്ടയായിരുന്ന ഖരഗ്പുര്‍ കഴിഞ്ഞതവണയാണ് ബിജെപി പിടിച്ചെടുത്തത്.
കോണ്‍ഗ്രസ് സിറ്റി൦ഗ് സീറ്റായ കലിയഗഞ്ചാണ് തൃണമൂല്‍ വിജയിച്ച രണ്ടാമത്തെ മണ്ഡലം. സി.പി.ഐ.എം പിന്തുണയോടെയാണ് കോണ്‍ഗ്രസ് ഇവിടെ മത്സരിച്ചത്. എന്നാല്‍ തൃണമൂല്‍ സ്ഥാനാര്‍ഥി തപന്‍ ദേബ് സിന്‍ഹ 2304 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഇവിടെ വിജയം നേടുകയായിരുന്നു.
എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേടിയ വിജയത്തില്‍ പ്രതികാരണവുമായി മുഖ്യമന്ത്രിയും പാര്‍ട്ടി അദ്ധ്യക്ഷയുമായ മമതാ ബാനര്‍ജി രംഗത്തെത്തി.
ബംഗാളിലെ വിജയം ജനങ്ങള്‍ക്കു സമര്‍പ്പിക്കുന്നുവെന്നും അധികാര ഗര്‍വ്വിനും ജനങ്ങളെ അപമാനിച്ചതിനും ബിജെപിക്കു കിട്ടിയ തിരിച്ചടിയാണ് ഈ പരാജയമെന്നും മമത പറഞ്ഞു. കൂടാതെ, കോണ്‍ഗ്രസും സി.പി.ഐ.എമ്മും പരസ്പരം ശക്തിപ്പെടുത്താന്‍ നോക്കുമ്പോള്‍ ഗുണം ലഭിക്കുന്നത് ബി.ജെ.പിക്കാണെന്നും മമത ആരോപിച്ചു.
മൂന്നു മണ്ഡലങ്ങളിലും ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് നേരിട്ടുള്ള മത്സരമായിരുന്നു നടന്നത്.